അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി 

By: 600002 On: Aug 4, 2025, 11:52 AM

 

അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഡബ്ലിനിലെ ഇന്ത്യന്‍ എംബസ്സി മുന്നറിയിപ്പ് നല്‍കി. അയര്‍ലന്‍ഡിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും സ്വന്തം സുരക്ഷയ്ക്കായി മുന്‍കരുതലുകളെടുക്കണമെന്നും ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും എംബസി മുന്നറിയിപ്പില്‍ പറയുന്നു. ഇന്ത്യന്‍ വംശജനായ സംരംഭകനും സീനിയര്‍ ഡാറ്റാ സയന്റിസ്റ്റുമായ സന്തോഷ് യാദവിനെ കഴിഞ്ഞയാഴ്ച ഡബ്ലിനില്‍ വെച്ച് ഒരു കൂട്ടം കൗമാരക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മുന്നറിയിപ്പ്.

അപ്പാര്‍ട്ട്‌മെന്റിന് സമീപത്ത് വെച്ച് ആറ് കൗമാരക്കാര്‍ യാതൊരു പ്രകോപനവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് സന്തോഷ് യാദവ് ലിങ്ക്ഡ് ഇന്‍ പോസ്റ്റില്‍ വിവരിച്ചു. കണ്ണട തട്ടിപ്പറിച്ച് പൊട്ടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും വഴിയില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് യാദവ് കുറിപ്പില്‍ പറയുന്നു. 

ഈ ആക്രമണം വര്‍ധിച്ചുവരുന്ന ഒരു പ്രവണതയുടെ ഭാഗമാണെന്ന് പറഞ്ഞ സന്തോഷ് യാദവ്, ഡബ്ലിനിലുടനീളം വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ആരോപിച്ചു.