പ്രയറീസ് പ്രവിശ്യകളില്‍ നിന്നുള്ള കാട്ടുതീ പുക കാരണം കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി എണ്‍വയോണ്‍മെന്റ് കാനഡ. വാന്‍കുവര്‍ ഐലന്‍ഡ് മുതല്‍ ഷാര്‍ലറ്റ്ടൗണ്‍ വരെയുള്ള ഭാഗങ്ങളില്‍ മങ്ങിയതും പൊടിപടലങ്ങള്‍ നിറഞ്ഞതുമായ അന്തരീക്ഷമാണ്. പുക കാരണം ദൃശ്യപരത കുറയുകയും വായുവിന്റെ ഗുണനിലവാരം മോശമാവുകയും ചെയ്യുന്നതായി എണ്‍വയോണ്‍മെന്റ് കാനഡ പറയുന്നു. പടിഞ്ഞാറ് ബ്രിട്ടീഷ് കൊളംബിയ മുതല്‍ കിഴക്ക് ന്യൂബ്രണ്‍സ്‌വിക്ക്, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് വരെ പുകമഞ്ഞ് വ്യാപിച്ചുകിടക്കുകയാണ്.
വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളുടെ തെക്കന്‍ ഭാഗങ്ങളും ആല്‍ബെര്‍ട്ട, സസ്‌ക്കാച്ചെവന്‍, മാനിറ്റോബ, ഒന്റാരിയോ എന്നിവയുടെ ഭാഗങ്ങളിലും പുകമഞ്ഞ് വ്യാപിച്ചുകിടക്കുകയാണ്. ഈ പ്രവിശ്യകളില്‍ വായുഗുണനിലവാര മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതായും ഉയര്‍ന്ന അളവില്‍ വായു മലിനീകരണമുള്ളതായും ഏജന്‍സി പറഞ്ഞു. ബീസി, ആല്‍ബെര്‍ട്ട, ക്യുബെക്ക് എന്നിവടങ്ങളിലെ ചില പ്രദേശങ്ങളും വായുഗുണനിലവാര മുന്നറിയിപ്പിന് കീഴിലാണ്.
പുക വര്‍ധിക്കുന്നതിനൊപ്പം ആരോഗ്യപരമായ അപകടസാധ്യതകളും വര്‍ധിക്കുന്നതായി എയര്‍ക്വാളിറ്റി സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. കണ്ണ്, മൂക്ക്, തൊണ്ട എന്നിവയ്ക്ക് വായുമലിനീകരണം മൂലം അസ്വസ്ഥത ഉണ്ടാക്കുമെന്ന് ഏജന്‍സി പറഞ്ഞു. അതേസമയം, കാട്ടുതീ പുകയില്‍ അടങ്ങിയിട്ടുള്ള സൂക്ഷ്മകണികകള്‍ ഏത് പ്രായക്കാരുടെയും ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി.