കാനഡയില്‍ താമസിക്കാന്‍ ഏറ്റവും ചെലവേറിയ പ്രവിശ്യകള്‍ 

By: 600002 On: Aug 2, 2025, 12:38 PM

 


രാജ്യത്തുടനീളമുള്ള കനേഡിയന്‍ പൗരന്മാര്‍ ജീവിതച്ചെലവ് വഹിക്കുന്നതില്‍ പ്രതിസന്ധി നേരിടുകയാണ്. അത്യാവശ്യ വസ്തുക്കള്‍ക്കും ഗ്രോസറികള്‍ക്കും ഉള്‍പ്പെടെ എല്ലാറ്റിനും വിലയേറുകയാണ്. കാനഡയില്‍ ചില പ്രവിശ്യകള്‍ താമസിക്കാന്‍ ഏറ്റവും ചെലവേറിയതാണ്. 'പര്‍ച്ചേസിംഗ് പവര്‍ പാരിറ്റീസ് ഫോര്‍ കണ്‍സപ്ഷന്‍ ആന്‍ഡ് ഹൗസ്‌ഹോള്‍ഡ് ഇന്‍കം അക്രോസ് ദ കനേഡിയന്‍ പ്രൊവിന്‍സസ് ആന്‍ഡ് ടെറിറ്ററീസ്' എന്ന തലക്കെട്ടില്‍ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തിറക്കിയ പുതിയ പഠനം കാനഡയിലെ ആദ്യത്തേതാണ്. ഇതില്‍ പ്രവിശ്യകളും പ്രദേശങ്ങളും തമ്മിലുള്ള പര്‍ച്ചേസിംഗ് പവറിന്റെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പുതിയ വെളിപ്പടുത്തലുകള്‍ നടത്തുന്നു. 

ഒരു പ്രവിശ്യയിലോ പ്രദേശത്തോ 75,000 ഡോളര്‍ സമ്പാദിക്കുന്നതിലൂടെ ലഭിക്കുന്ന ജീവിത നിലവാരം മറ്റൊരു പ്രവിശ്യയിലോ പ്രദേശത്തോ വ്യത്യാസപ്പെട്ടിരിക്കാം. അവിടങ്ങളിലെ ജീവിത നിലവാരം ആ തുക സമ്പാദിക്കുന്നതിന് തുല്യമാകില്ലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. ഓരോ സ്ഥലത്തും ജീവിതച്ചെലവ് വ്യത്യാസപ്പെട്ടിരിക്കാമെന്നും പഠനത്തില്‍ വിശദീകരിക്കുന്നു. 

റിപ്പോര്‍ട്ട് അനുസരിച്ച്, 2021 മുതല്‍ ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആല്‍ബെര്‍ട്ട എന്നീ പ്രവിശ്യകളിലാണ് ഏറ്റവും ഉയര്‍ന്ന ജീവിതച്ചെലവ് അനുഭവപ്പെടുന്നത്. ഭവന വില, വാടക നിരക്ക്, അത്യാവശ്യ സാധനങ്ങളുടെ വില തുടങ്ങി ദൈനംദിന ജീവിതത്തിലെ ഓരോ മേഖലയിലും ഈ പ്രവിശ്യകളില്‍ നിരക്ക് വളരെ ഉയര്‍ന്നതാണ്. അതേസമയം, കാനഡയില്‍ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകള്‍ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡും, ന്യൂബ്രണ്‍സ്‌വിക്കുമാണ്.

പ്രദേശങ്ങളുടെ കാര്യത്തില്‍, നുനാവുട്ടാണ് ഏറ്റവും ചെലവേറിയ പ്രദേശം. വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളും താമസിക്കാന്‍ വളരെ ചെലവേറിയതാണെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.