യൂറോപ്പിലേക്കുള്ള സന്ദര്‍ശകര്‍ക്കുള്ള പ്രവേശന ഫീസ് വര്‍ധിപ്പിക്കുന്നു

By: 600002 On: Aug 2, 2025, 9:58 AM

 


വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ യൂറോപ്പിലേക്ക് സന്ദര്‍ശനം നടത്തുന്നവര്‍ക്ക് പ്രവേശന ഫീസ് വര്‍ധിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റത്തിന്റെ(ETIAS) ചെലവ് ഏകദേശം മൂന്നിരട്ടിയാക്കാന്‍ പദ്ധതിയിടുന്നതായി യൂറോപ്യന്‍ യൂണിയന്‍ ഈ മാസം പ്രഖ്യാപിച്ചിരുന്നു. ഏകദേശം 11 ഡോളറില്‍ നിന്നും 32 ഡോളറായാണ് സന്ദര്‍ശക ഫീസ് ഉയര്‍ത്തുന്നത്. 

കനേഡിയന്‍ പൗരന്മാര്‍ ഉള്‍പ്പെടെ വിസ രഹിത യാത്രക്കാര്‍ക്ക് ഫീസ് വര്‍ധന ഈടാക്കുന്നുണ്ട്. അമേരിക്കയിലെ ESTA പോലുള്ള ട്രാവല്‍ പ്രീക്ലിയറന്‍സ് സംവിധാനങ്ങള്‍ക്ക് സമാനമായാണ് യൂറോപ്പ് 2018 ല്‍ ETIAS അംഗീകരിച്ചത്. യുഎസ് വിസ വെയ്‌വര്‍ പ്രോഗ്രാമില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 40 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ESTA ബാധകമാണ്. 

വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും പുതിയ സാങ്കേതിക വിദ്യകളുടെ അവതരണവുമുള്‍പ്പെടെ വര്‍ധിച്ചുവരുന്ന പ്രവര്‍ത്തന ചെലവുകള്‍ ചൂണ്ടിക്കാട്ടിയാണ് സന്ദര്‍ശക ഫീസ് ഉയര്‍ത്തുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ എക്‌സിക്യൂട്ടീവ് ബ്രാഞ്ചായ യൂറോപ്യന്‍ കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, ഫീസ് ഇതുവരെ ഈടാക്കിയിട്ടില്ലെങ്കിലും നിര്‍ദ്ദിഷ്ട വര്‍ധനവിനെക്കുറിച്ച് യൂറോപ്പിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം സെക്ടര്‍ ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.