സുമതി വളവ്, പേടിപ്പിക്കുക മാത്രമല്ല, പൊട്ടിച്ചിരിപ്പിക്കും

By: 600007 On: Aug 1, 2025, 2:03 PM

 

 

തിരുവനന്തപുരം പാലോടിന് സമീപം പേടിപ്പെടുത്തുന്ന ഒരു വളവ്. ചില അനിഷ്ട സംഭവങ്ങൾ നടക്കുന്നു. തൊണ്ണുറുകളിലെ കുട്ടികളെ ഉറക്കാനും ഭക്ഷണം കഴിപ്പിക്കാനും ഒരു മുത്തശ്ശി കഥപോലെ കേട്ട സുമതി വളവ് വർഷങ്ങൾക്കിപ്പുറം ഒരു സിനിമയായി എത്തുമ്പോൾ പ്രേക്ഷകർക്ക് ആകാംക്ഷയേറും. അതും ഹിറ്റ് കോംബോ അഭിലാഷ് പിള്ള-വിഷ്ണു ശശി ശങ്കർ കൂട്ടുകെട്ട് മാളികപ്പുറത്തിന് ശേഷം ഒന്നിക്കുമ്പോൾ പതിന്മടങ്ങ് ആകാംഷയെറും. യഥാർത്ഥ സുമതി കഥകളുമായി ഒരു ബന്ധവുമില്ലെന്ന് ആദ്യമേ ടീം പറഞ്ഞു വയ്ക്കുന്നുണ്ടെങ്കിലും, ഈ സുമതി വളവ് എന്തെന്നതും സുമതിയുണ്ടോയെന്നും ഇനി കേട്ട് പരിചയിച്ച സുമതിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന ഒരായിരം ചോദ്യങ്ങൾക്ക് ഇന്ന് ചിത്രത്തിന്റെ റീലിസിനൊപ്പം ഉത്തരങ്ങൾ കിട്ടി. ഒറ്റ വാക്കിൽ പറഞ്ഞാൽ, 'അതി ഗംഭീരം'. മലയാള സിനിമയുടെ ഏറ്റവും സുവർണ കാലമായ തൊണ്ണൂറുകളിലെ സിനിമകളെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഒരു ഫൺ -ഹൊറർ കുടുംബ ചിത്രം.

തൊണ്ണൂറുകളിലെ കല്ലേലി എന്ന ഗ്രാമവും വളരെ സ്നേഹത്തിൽ കഴിഞ്ഞ കുടുംബങ്ങൾ തമ്മിൽ ചില സാഹചര്യങ്ങൾ മൂലം, രണ്ടു ധ്രുവത്തിലാവുന്നതും, അണയാത്ത പ്രതികാരം കൊണ്ട് നടക്കുന്ന ഒരു കുടുംബവും. എന്നാൽ, ആ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായത് തങ്ങളുടെ കുടുംബമാണെന്ന് കുറ്റബോധത്തിൽ നടക്കുന്ന മറ്റൊരു കുടുംബവും. അർജുൻ അശോകൻ അവതരിപ്പിക്കുന്ന അപ്പു പേടിക്കഥകൾ കേട്ട് വളരുന്ന, അയാളുടെ യൗവനത്തിലും അതേ പേടികൊണ്ടു നടക്കുന്ന ഒരു യുവാവ്. എന്നാൽ, വൈകുന്നേരം എട്ടുമണി കഴിഞ്ഞാൽ ആരും പോവാൻ പേടിക്കുന്ന സുമതി വളവ് താണ്ടി അപ്പു പോയിട്ടുണ്ടെന്ന നാട്ടിലെ പ്രചരണങ്ങൾ, അപ്പുവിനെ അറിയുന്നവരാരും വിശ്വസിക്കില്ല. നാല്പതോളം കഥാപാത്രങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പാട്ടും ആക്ഷനും ഹ്യൂമറും നിറഞ്ഞ് ആഘോഷ മൂഡിലാണ് വിഷ്ണു സുമതി വളവ് ഒരുക്കിയിരിക്കുന്നത്.