ട്രംപിന്റെ തീരുവപ്പേടിയിൽ ലോകം; നമ്മളെയങ്ങനെ ബാധിക്കും?

By: 600007 On: Aug 1, 2025, 1:55 PM

 

 

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് മുതല്‍ നിലവില്‍ വന്നു. ആഗോള തലത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വരെ വഴി വെച്ച വിഷയമാണിത്. 10 ശതമാനം മുതല്‍ 41 ശതമാനം വരെ അധിക തീരുവയാണ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കു മേല്‍ ചുമത്തിയത്. ഇന്ത്യക്ക് മേല്‍ ചുമത്തിയത് 25 ശതമാനം തീരുവയാണ്. ട്രംപിന്റെ ഈ നികുതി ഇന്ത്യയെ എങ്ങനെ ബാധിക്കും. നമുക്ക് നോക്കാം.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 186 ബില്യണ്‍ യുഎസ് ഡോളറിലെത്തി. യുഎസിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തത് 86.5 ബില്യണ്‍ ഡോളറിന്റെ സേവനങ്ങളും, സാധന സാമഗ്രികളുമാണ്. അതേസമയം യുഎസില്‍ നിന്നുള്ള ഇറക്കുമതി മൂല്യം 45.3 ബില്യണ്‍ ഡോളറായിരുന്നു. സര്‍വ്വീസ് സെക്ടറില്‍ മാത്രം, ഇന്ത്യ യുഎസിലേക്ക് ഏകദേശം 28.7 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ചെയ്തു. അതേ സമയം, ഇറക്കുമതി ചെയ്തത് 25.5 ബില്യണ്‍ ഡോളറിന്റെ സേവനങ്ങളും, സാധന സാമഗ്രികളുമാണ്.

ഔഷധ നിര്‍മാണം, മൊബൈല്‍ പാര്‍ട്‌സ് നെറ്റ്വര്‍ക്കിങ് ഗിയര്‍ പോലുള്ള ടെലികോം ഉപകരണങ്ങള്‍, കട്ട് ഡയമണ്ട്, സംസ്‌കരിച്ച ഇന്ധനം, വാഹങ്ങള്‍, വാഹന യന്ത്ര ഭാഗങ്ങള്‍, സ്വര്‍ണ്ണവും മറ്റ് വിലയേറിയ ലോഹ ആഭരണങ്ങളും, കോട്ടണ്‍ തുണിത്തരങ്ങള്‍, ഇരുമ്പുരുക്ക് വസ്തുക്കള്‍ എന്നിവയാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന പ്രധാനപ്പെട്ട സാധനങ്ങള്‍. ക്രൂഡ് ഓയില്‍, എല്‍എന്‍ജി പോലെയുള്ള പെട്രോളിയം ഉത്പന്നങ്ങള്‍, കല്‍ക്കരി, പോളിഷ് ചെയ്ത ഡയമണ്ട്, ഇലക്ട്രിക് മെഷിനറികള്‍, വിമാന, ബഹിരകാശ വാഹന യന്ത്ര ഭാഗങ്ങള്‍, സ്വര്‍ണം എന്നിവയാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ടവ.