ലോകത്തിലെ ഏറ്റവും ധനികനായ യൂട്യൂബർ ആരാണെന്ന് അറിയാമോ? മിസ്റ്റർ ബീസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്സൺ ആണ് 40 കോടി സബ്സ്ക്രൈബർമാരുള്ള ആ യൂട്യൂബർ. 2025 ജൂൺ 1 -നാണ് ഇതുവരെ ആർക്കും എത്തിപ്പിടിക്കാൻ കഴിയാതിരുന്ന ആ വലിയ നേട്ടം മിസ്റ്റർ ബീസ്റ്റ് സ്വന്തമാക്കിയത്.
ആഗോളതലത്തിൽ ഏറ്റവും സ്വാധീനമുള്ള ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററാണ് ഇദ്ദേഹമെന്നാണ് ഫോർബ്‌സ് റിപ്പോർട്ട് പറയുന്നത്. ഇദ്ദേഹത്തിൻറെ ഈ വലിയ നേട്ടത്തിനായി യൂട്യൂബ് സമ്മാനിച്ചത് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഒരു പ്ലേ ബട്ടൺ ആണ്.
യൂട്യൂബ് സിഇഒ നീൽ മോഹൻ ആണ് അദ്ദേഹത്തിന് പ്ലേ ബട്ടൺ സമ്മാനിച്ചത്. സിഇഒയിൽ നിന്ന് പ്ലേ ബട്ടൺ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ മിസ്റ്റർബീസ്റ്റ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ ലോകത്തിലെ ഏറ്റവും വരുമാനം നേടുന്ന യൂട്യൂബ് ചാനലും ഇന്ത്യയിലെ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബുചെയ്‌ത യൂട്യൂബ് ചാനലുമായി ടി-സീരീസ് മാറിയിരുന്നു. അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത കമ്പനിയായ ടി-സീരീസിനെ മിസ്റ്റർബീസ്റ്റ് തമാശ രൂപേണ ഒരു മത്സരത്തിന് ക്ഷണിച്ചിരുന്നു. സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ ടി സീരിസിനെ മറികടക്കും എന്നതായിരുന്നു മിസ്റ്റർ ബീസ്റ്റിന്റെ വെല്ലുവിളി.
ആ സമയത്ത്, മിസ്റ്റർബീസ്റ്റിന് 258,320,114 സബ്‌സ്‌ക്രൈബർമാരും ടി-സീരീസിന് 265,000,000 സബ്സ്ക്രൈബർമാരും ആണ് ഉണ്ടായിരുന്നത്. ഇരുവരും തമ്മിൽ 6,679 സബ്‌സ്‌ക്രൈബർമാരുടെ വ്യത്യാസം. ഏതായാലും പറഞ്ഞതുപോലെ തന്നെ മിസ്റ്റർ ബീസ്റ്റ് മത്സരത്തിൽ വിജയിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിൻറെ സോഷ്യൽ മീഡിയ ആരാധകർ.
എന്നാൽ ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയ മിസ്റ്റർ ബീസ്റ്റിന് യൂട്യൂബ് നൽകിയ പ്ലേ ബട്ടന്റെ രൂപകല്പന വളരെ മോശം എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്. ഇത്രയും മോശം ഒരു പ്ലേ ബട്ടൺ ആരാണ് രൂപകൽപ്പന ചെയ്തതെന്നും എഐ നിർമ്മിതമാണോ എന്നും ഒക്കെയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യങ്ങൾ. പ്ലേ ബട്ടൻ്റെ മോശം രൂപകല്പന ആ വലിയ നേട്ടത്തിന്റെ മാറ്റ് കുറയുന്നതിന് പോലും കാരണമായി എന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.