ഫെബ്രുവരി 17 ന് ടൊറന്റോയില്‍ ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ സുരക്ഷയില്‍ വീഴ്ച വരുത്തിയെന്നും യാത്രക്കാരെ ബോധപൂര്‍വ്വം അപകടത്തിലാക്കിയെന്നും ആരോപിച്ച് കമ്പനിക്കെതിരെ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. അപകടം നടന്നപ്പോള്‍ യാത്രക്കാരെ സുരക്ഷിതമായി വിമാനത്തില്‍ നിന്നും ഒഴിപ്പിച്ചതിന് ധീരതയ്ക്ക് അവാര്‍ഡ് ലഭിച്ച വെനേസ മൈല്‍സാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. 67 വയസ്സുള്ള വനേസ മൈല്‍സ് എന്‍ഡവര്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റായി ജോലി ചെയ്ത് വരികയായിരുന്നു.
ഉച്ചകഴിഞ്ഞ് ജോലി ചെയ്തിരുന്നില്ല. പകരം, തന്റെ അടുത്ത അസൈന്‍മെന്റിനായി യാത്രക്കാരിയായാണ് മൈല്‍സ് വിമാനത്തില്‍ യാത്ര ചെയ്തത്. മിഷിഗണിലെ യുഎസ് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച 15 പേജുള്ള പരാതിയില്‍ അപകടത്തില്‍ തനിക്ക് ഗുരുതരമായി പരുക്കേറ്റതായി പറയുന്നുണ്ട്. അതിനാല്‍ കുറഞ്ഞത് 75 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വേണമെന്നും പരാതിയില്‍ മൈല്‍സ് ആവശ്യപ്പെടുന്നു.
അനുഭവ സമ്പത്തില്ലാത്ത പൈലറ്റിനെ നിയമിച്ചതിനും വിമാന ജീവനക്കാരെ ശരിയായി പരിശീലിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനും ഡെല്‍റ്റയും അനുബന്ധ സ്ഥാപനമായ എന്‍ഡവര്‍ എയറും ഉത്തരവാദികളാണെന്ന് കേസില്‍ മൈല്‍സ് ആരോപിക്കുന്നു. അതേസമയം, മൈല്‍സിന്റെ ആരോപണങ്ങള്‍ക്ക് എയര്‍ലൈന്‍ കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടിലേക്ക് 80 യാത്രക്കാരുമായി വന്ന വിമാനം ലാന്‍ഡ് ചെയ്യാനൊരുങ്ങവേ അതിശക്തമായ കാറ്റില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട വിമാനത്തിന് തീപിടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു. അപകടത്തില്‍ പരുക്കേറ്റ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.