നയാഗ്ര റീജിയണിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ്. ഈ മേഖലയിലൂടെ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ അവന്യൂവിനും സെന്റ് കാതറിന്‍സിലെ ഫോര്‍ത്ത് അവന്യുവിനും ഇടയിലുള്ള ഹൈവേ 406, നയാഗ്ര ഫാള്‍സിലെ മൗണ്ടെയ്ന്‍ റോഡിന് സമീപമുള്ള QEW , തോറോള്‍ഡി ലെ പൈന്‍ സ്ട്രീറ്റിന് സമീപമുള്ള ഹൈവേ 58 എന്നീ ഹൈവേയിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് നേരെയാണ് അജ്ഞാതര്‍ കല്ലെറിയുന്നതെന്ന് പോലീസ് പറഞ്ഞു. കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകരുകയും മറ്റ് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്.
ഒപിപി ഹൈവേ സേഫ്റ്റി ഡിവിഷന്‍ ക്രൈം യൂണിറ്റിന്റെയും നയാഗ്ര റീജിയണല്‍ പോലീസിന്റെയും സഹായത്തോടെ നയാഗ്ര റീജിയണല്‍ പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് അറിയിച്ചു. ഇതുവരെ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
മൗണ്ടെയ്ന്‍ റോഡിന് സമീപമുള്ള സംഭവത്തിനിടെ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് മൂന്നോളം പേര്‍ കല്ലെറിയുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഒപിപി സര്‍ജന്റ് കെറി ഷ്മിഡ്റ്റ് പറഞ്ഞു.