സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നിന്നും ആംസ്റ്റര്‍ഡാമിലേക്ക് പുറപ്പെട്ട ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം 1600 അടി ഉയരത്തില്‍ വെച്ച് ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് മിനിയാപൊളിസ്-സെന്റ്‌പോള്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. 25 യാത്രക്കാര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെ എയര്‍ബസ് എ 330-900 വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. എട്ട് മണിക്കൂര്‍ യാത്രയ്ക്കായി പുറപ്പെട്ട വിമാനം രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ബുധനാഴ്ച വൈകുന്നേരം 5.30 ഓടെ ആകാശച്ചുഴിയില്‍പ്പെട്ടത്. 275 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ആകാശച്ചുഴിയില്‍പ്പെട്ട് ചില യാത്രക്കാര്‍ക്ക് തലക്കറക്കവും ഛര്‍ദ്ദിലും അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വിമാനം മിനിയാപൊളിസ് എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ഇറക്കിയ ഉടന്‍ തന്നെ മെഡിക്കല്‍ സംഘമെത്തി യാത്രക്കാര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.