കാനഡയിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്കുള്ള തീരുവ വർദ്ധിപ്പിച്ച് അമേരിക്ക

By: 600110 On: Aug 1, 2025, 11:08 AM

 

കാനഡയിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് ഉള്ള തീരുവ അമേരിക്ക വർദ്ധിപ്പിച്ചു.  തീരുവ 25% ൽ നിന്ന് 35% ആയാണ്  വർദ്ധിപ്പിച്ചത്.  യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇത് സംബന്ധിച്ച  ഉത്തരവിറക്കി. അമേരിക്കയ്ക്ക് എതിരായ കാനഡയുടെ പ്രതികാര നടപടികൾക്ക് മറുപടിയായാണ് പുതിയ നീക്കമെന്നും  പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

യുഎസിലേക്കുള്ള "ഫെൻ്റനൈലിൻ്റെയും മറ്റ് മയക്കു മരുന്നുകളുടെയും ഒഴുക്ക് തടയുന്നതിന് സഹകരിക്കുന്നതിൽ കാനഡ പരാജയപ്പെട്ടു. അതിനാൽ  കാനഡയ്ക്ക് മേലുള്ള താരിഫ് വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു.  മെക്സിക്കോയുമായി താരതമ്യപ്പെടുത്തുമ്പോൾ കാനഡയുമായുള്ള അതിർത്തിയിൽ ഫെൻ്റനൈലിൻ്റെ അളവ് വളരെ കുറവാണെന്ന് യുഎസ് സർക്കാർ ഡാറ്റ തന്നെ വ്യക്തമാക്കുന്നുണ്ട്.
കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ കരാർ (CUSMA) പ്രകാരമുള്ള സാധനങ്ങൾക്ക് താരിഫ് ബാധകമാകില്ല.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി താരിഫ് ചുമത്തുന്നതിനുള്ള അവസാന തീയതിക്ക് മുൻപ് ട്രംപിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ചർച്ചകൾ നടന്നിട്ടില്ലെന്ന് വൈറ്റ് ഹൗസ്  റിപ്പോർട്ടിലുണ്ട്. കാർണി പകരം തീരുവ ചുമത്താതെ പ്രതികാര നടപടികൾ ഒഴിവാക്കിയിരുന്നു എങ്കിൽ ട്രംപ് തീരുവയിൽ പുനരാലോചന നടത്തിയേക്കുമായിരുന്നു എന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് വ്യക്തമാക്കി.