കാനഡ കുടിയേറ്റ അപേക്ഷകള്‍ നിരസിച്ചാല്‍ വിശദീകരണ കത്ത് നല്‍കുമെന്ന് ഐആര്‍സിസി 

By: 600002 On: Aug 1, 2025, 10:04 AM

 

 

കാനഡയില്‍ കുടിയേറ്റ അപേക്ഷകള്‍ നിരസിച്ചാല്‍ ഇമിഗ്രേഷന്‍ റെഫ്യൂസല്‍ ലെറ്റവര്‍ മുഖേന വിശദീകരണം നല്‍കുമെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC) അറിയിച്ചു. കനേഡിയന്‍ ഇമിഗ്രേഷന്‍ സംവിധാനത്തിലെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ആധുനികവത്കരിക്കുന്നതിനുമായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. ജൂലൈ 29 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ഐആര്‍സിസി അറിയിച്ചു. കത്തുകള്‍ വഴി കുടിയേറ്റ അപേക്ഷ നിരസിച്ചതിന്റെ കാരണം വിശദീകരിക്കും. 

ചില അപേക്ഷകള്‍ക്കുള്ള ഉദ്യോഗസ്ഥന്റെ തീരുമാനം റെഫ്യൂസല്‍ ലെറ്ററില്‍ ഉള്‍പ്പെടുത്തും. അപേക്ഷ നിരസിക്കാനുള്ള കാരണം ഈ കുറിപ്പുകളില്‍ വിശദീകരിക്കും. അന്തിമ തീരുമാനമെടുത്ത ഉദ്യോഗസ്ഥനില്‍ നിന്നാണ് കത്ത് ലഭിക്കുക. ഇതുവരെ കുടിയേറ്റ അപേക്ഷ നിരസിക്കുമ്പോള്‍ എന്താണ് കാരണമെന്ന് വെളിപ്പെടുത്തി അപേക്ഷകര്‍ക്ക് വിശദീകരണം നല്‍കാറില്ലായിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് നിയമം നടപ്പിലാക്കുന്നതെന്ന് ഐആര്‍സിസി വ്യക്തമാക്കി. 

താല്‍ക്കാലിക താമസ വിസ, വിസ എക്സ്റ്റന്‍ഷന്‍ അപേക്ഷകള്‍, സന്ദര്‍ശക രേഖകള്‍, സ്റ്റുഡന്റ് വിസ, വര്‍ക്ക് പെര്‍മിറ്റ് എന്നീ അപേക്ഷകള്‍ക്ക് പുതിയ നിയമം ബാധകമായിരിക്കും. എന്നാല്‍ ഇലക്ട്രോണിക് ട്രാവല്‍ അതോറൈസേഷനുകളും താല്‍ക്കാലിക താമസാനുമതികളും ഇതില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഐആര്‍സിസി അറിയിച്ചു.