ഹള്‍ക്ക് ഹൊഗന്റെ മരണകാരണം ഹൃദയാഘാതവും കാന്‍സറും

By: 600002 On: Aug 1, 2025, 8:42 AM



 

പി പി ചെറിയാന്‍, ഡാളസ് 

പ്രോ റെസ്ലിംഗ് ഇതിഹാസവും റിയാലിറ്റി ടിവി താരവുമായ ഹള്‍ക്ക് ഹൊഗന്റെ(71) മരണകാരണം അദ്ദേഹത്തിന്റെ വിയോഗത്തിന് ഒരാഴ്ചയ്ക്ക് ശേഷം പുറത്തുവിട്ടു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് (അക്യൂട്ട് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍) അദ്ദേഹം അന്തരിച്ചതെന്ന് മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നു. കൂടാതെ, ഹൊഗന് രക്തത്തിലെയും മജ്ജയിലെയും ഒരുതരം കാന്‍സറായ ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ (CLL) ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈ 24-ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് മരണം സ്ഥിരീകരിച്ചു. ഹൊഗന് ഏട്രിയല്‍ ഫൈബ്രിലേഷന്‍ (AFib) എന്ന രോഗാവസ്ഥയും ഉണ്ടായിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

1980-കളില്‍ പ്രൊഫഷണല്‍ ഗുസ്തിയിലൂടെ പ്രശസ്തനായ ഹള്‍ക്ക് ഹൊഗന്‍, സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും രാഷ്ട്രീയ ഇടപെടലുകളിലൂടെയും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. 'ഹൊഗാന്‍ നോസ് ബെസ്റ്റ്' എന്ന റിയാലിറ്റി ടിവി പരമ്പര അദ്ദേഹത്തിന്റെ കുടുംബജീവിതം പ്രേക്ഷകരിലേക്ക് എത്തിച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തുകൂടിയായിരുന്നു അദ്ദേഹം.