സ്ത്രീകൾക്ക് ഇന്നയിന്ന ജോലികളൊന്നും പറ്റില്ല എന്ന് പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. എന്നാൽ, ലോകമെമ്പാടുമുള്ള സ്ത്രീകൾ അതെല്ലാം പാഴ്വാക്കുകളാണ് എന്ന് തെളിയിച്ചുകൊണ്ട് പല മേഖലകളിലും തങ്ങളുടെ കയ്യൊപ്പ് ചാർത്തിക്കഴിഞ്ഞു. അതുപോലെ ഒരു യുവതിയാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഫോറൻസിക് ലബോറട്ടറിയിൽ ജോലി ചെയ്യുകയാണ് യാന്യാൻ. ചൈനയിലെ ആദ്യത്തെ വനിതാ ഫോറൻസിക് പാത്തോളജിസ്റ്റാണ് ഈ 26 -കാരി. ചോങ്‌കിംഗ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫോറൻസിക് മെഡിസിനിൽ ബിരുദം നേടിയതിന് പിന്നാലെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 600 -ലധികം മൃതദേഹങ്ങളാണ് അവർ പരിശോധിച്ചത്. അതിൽ സംശയാസ്പദമായ രീതിയിൽ മരണപ്പെട്ടവരും പെടുന്നു.
അതേസമയം, ഈ ജോലി മാത്രമല്ല യാന്യാൻ വൈറലായി മാറാൻ കാരണമായത്. ഫിറ്റ്‍നെസ്സിന്റെ കാര്യത്തിലും ആരേയും തോൽപ്പിക്കുന്ന കരുത്തിന്റെ കാര്യത്തിലും ചൈനയിൽ ചർച്ചയായി തീർന്നിരിക്കുകയാണവർ. 120 കിലോഗ്രാം ഭാരം ഉയർത്താനും, ഒറ്റക്കൈകൊണ്ട് ചെയിൻസോ പ്രവർത്തിപ്പിക്കാനും, വെറും മൂന്നേമൂന്ന് മിനിറ്റിനുള്ളിൽ ക്രാനിയോടോമി നടത്താനും യാന്യാന് കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തന്റെ ഫിറ്റ്‍നെസ് പരിശീലനം ജോലിയിലായാലും അല്ലാതെയും തന്നെ ഒരുപാട് സഹായിക്കുന്നുണ്ട് എന്നാണ് അവർ പറയുന്നത്. 14,000 ഫോളോവേഴ്‌സുണ്ട് യാന്യാന് സോഷ്യൽ മീഡിയാ അക്കൗണ്ടിൽ. അവിടെ തന്റെ ഫിറ്റ്‌നസ് യാത്രകളും തന്റെ ജോലിയെക്കുറിച്ചുള്ള വിശദവിവരങ്ങളും എല്ലാം അവൾ ഷെയർ ചെയ്യാറുണ്ട്.
സ്ത്രീകളെ സാധാരണയായി ഇത്തരം ജോലിയൊന്നും സാധിക്കാത്ത വളരെ ദുർബലരായ ആളുകളായിട്ടാണ് കാണുന്നത്. രാത്രി ഷിഫ്റ്റുകൾക്കും മറ്റും കൊള്ളാത്തവരാണ് സ്ത്രീകളെന്ന് ഇപ്പോഴും ആളുകൾ കരുതുന്നു. അങ്ങനെ കരുതുന്നവരെ വെല്ലുവിളിച്ച് അതങ്ങനയല്ലെന്ന് തെളിയിക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്നും യാന്യാൻ പറയുന്നു.
താൻ ജോലി ചെയ്യുന്ന മേഖലയിൽ ഇപ്പോഴും വിവേചനം നിലനിൽക്കുന്നുണ്ട്. പലരും പുരുഷന്മാർ ഈ ജോലി ചെയ്യുന്നതാണ് ഇഷ്ടപ്പെടുന്നത്. ഇപ്പോഴും തന്നെ അംഗീകരിക്കാൻ തയ്യാറാവാത്തവരുണ്ട് എന്നും അവൾ പറഞ്ഞു. എന്നാൽ, ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത്, എല്ലാത്തിനേയും വെല്ലുവിളിച്ച് സ്വന്തം മേഖലയിൽ താരമായി തന്നെ തുടരുകയാണ് ഈ 26 -കാരി.