കനേഡിയൻ സായുധ സേനയുമായി ബന്ധപ്പെട്ട തീവ്രവാദ ആരോപണങ്ങളിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിച്ച് ക്യൂബക്കിലെ സൈനികരുടെ അറസ്റ്റ്

By: 600110 On: Jul 31, 2025, 2:23 PM

ക്യൂബെക്ക് സിറ്റിയിൽ സർക്കാർ വിരുദ്ധ അക്രമി സംഘം രൂപീകരിക്കാൻ കനേഡിയൻ സൈനികരടക്കമുള്ളവർ ശ്രമിച്ചെന്ന ആരോപണം, കനേഡിയൻ സായുധ സേനയുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന തീവ്രവാദ പ്രശ്നത്തിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിക്കുന്നുവെന്ന് റിപ്പോർട്ട്. കാനഡയിൽ ഒരു സൈനികനെതിരെ തീവ്രവാദ കുറ്റം ചുമത്തുന്നത് ആദ്യമായിരിക്കാം. പക്ഷേ കനേഡിയൻ സൈന്യത്തിന് തീവ്രവാദത്തിൻ്റെ ചരിത്രമുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ഒരു സൈനികൻ ഉൾപ്പെടെ മൂന്ന് പ്രതികൾ തീവ്രവാദ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് ജയിലിലാണ്. അറസ്റ്റുകളിലേക്ക് നയിച്ച പോലീസ് നടപടി അഭൂതപൂർവമായിരുന്നു. 

 2025 ജൂലൈ എട്ടിന്, ആയുധങ്ങൾ ശേഖരിച്ചുവെന്നും ക്യൂബെക്ക് സിറ്റിക്ക് സമീപം ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കാൻ പദ്ധതിയിട്ടെന്നും ആരോപിച്ച് രണ്ട് സജീവ സൈനികർ ഉൾപ്പെടെ നാല് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  കനേഡിയൻ സൈനികർക്കെതിരെ ചുമത്തിയ ആദ്യത്തെ അറിയപ്പെടുന്ന തീവ്രവാദ കുറ്റമാണിത്. എന്നാൽ തീവ്ര വലതുപക്ഷ തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകൾ കനേഡിയൻ സേനയ്ക്ക് പുതിയതല്ല. 30 വർഷത്തിലേറെയായി സേനയ്ക്ക് ഉള്ളിൽ ഇത് ഒരു പ്രശ്നമായി തുടരുകയാണ്. 1993-ൽ സൊമാലിയയിൽ സമാധാന ദൗത്യത്തിനിടെ ഷിഡെയ്ൻ ആരോൺ എന്ന 16 വയസ്സുള്ള ആൺകുട്ടിയെ കനേഡിയൻ പാരാട്രൂപ്പർമാർ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് തുടർന്നാണ് ഇത് സംബന്ധിച്ച് സേനയ്ക്കെതിരെ ആദ്യത്തെ ആരോപണം വരുന്നത്.  പ്രധാനമന്ത്രി ജീൻ ക്രെറ്റിയന്റെ സർക്കാർ താമസിയാതെ എയർബോൺ റെജിമെന്റ് പിരിച്ചുവിട്ടു അന്വേഷണത്തിന് ഉത്തരവിട്ടു.  അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് പ്രകാരം,  റെജിമെന്റിലെ അംഗങ്ങൾ സ്വസ്തികകളും കു ക്ലക്സ് ക്ലാൻ പതാകകളും പ്രദർശിപ്പിച്ചിരുന്നു എന്നും വ്യക്തമാകുന്നുണ്ട്.

2010-കളിൽ സൈന്യത്തിൽ വീണ്ടും തീവ്ര വലതുപക്ഷ പ്രവർത്തനങ്ങൾ വെളിപ്പെട്ടു.  പ്രധാനമായും മാധ്യമങ്ങളുടെയും ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തകരുടെയും റിപ്പോർട്ടിംഗിലൂടെയായിരുന്നു അത്. 2015-ൽ, കാനഡയുടെ അഫ്ഗാനിസ്ഥാൻ മിഷനിലെ ചില വെറ്ററൻമാർ ക്യൂബെക്കിൽ ലാ മ്യൂട്ടെ  എന്ന ഇസ്ലാമോഫോബിക് ഗ്രൂപ്പ് സ്ഥാപിച്ചിരുന്നു. റേഡിയോ -കാനഡ നടത്തിയ അന്വേഷണത്തിൽ, ഗ്രൂപ്പിന്റെ സ്വകാര്യ ഫേസ്ബുക്ക് പേജിൽ കുറഞ്ഞത് 75 സജീവ അംഗങ്ങളെങ്കിലും ചേർന്നിട്ടുണ്ടെന്ന് കണ്ടെത്തി. ആ സമയത്ത് ആ പേജിൽ ഏകദേശം 43,000 പ്രൊഫൈലുകൾ ഉണ്ടായിരുന്നു. 2017-ൽ, ഇപ്പോൾ തീവ്രവാദ സംഘടനയായി കണക്കാക്കപ്പെടുന്ന  പ്രൗഡ് ബോയ്‌സിൽ ചേർന്നതിന് ഹാലിഫാക്‌സിലെ നാല് സജീവ സൈനിക അംഗങ്ങൾക്ക് പ്രൊബേഷൻ ലഭിച്ചിരുന്നു.
2013 നും 2018 നും ഇടയിൽ വിദ്വേഷകരമായ പെരുമാറ്റവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 50 കേസുകളിൽ നാലെണ്ണം മാത്രമാണ് അച്ചടക്ക നടപടി നേരിട്ടത്.