ആൽബെർട്ട കാനഡയിൽ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ റഫറണ്ടം നടത്തണമെന്ന ഹർജിക്ക് ആൽബെർട്ടയുടെ തിരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകി. ഇലക്ഷൻസ് അൽബർട്ടാ അംഗീകാരം നൽകിയ "Alberta Forever Canada" എന്ന ഹർജി വഴി ആൽബർട്ടാ പ്രവിശ്യ കാനഡയിൽ തുടരണോ എന്നാണ് പൊതുജനങ്ങളോട് അഭിപ്രായം ചോദിക്കുക. ഈ ഹർജി അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ ഏകദേശം 2,94,000 ഓളം അംഗീകൃത വോട്ടർമാരുടെ ഒപ്പ് ശേഖരിക്കേണ്ടി വരും. ഒപ്പുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഹർജി അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ കഴിയില്ല.
ആൽബെർട്ട കാനഡയിൽ തന്നെ തുടരണമെന്ന് നിങ്ങൾ സമ്മതിക്കുന്നുണ്ടോ എന്നാണ് ഹർജിയിൽ ചോദിക്കുന്നത്. ആൽബെർട്ടയിലെ മുൻ പ്രോഗ്രസീവ് കൺസർവേറ്റീവ് ഡെപ്യൂട്ടി പ്രീമിയറായ തോമസ് ലുകാസുക് ആണ് ജൂണിൽ ഇത് സംബന്ധിച്ച നിവേദനം സമർപ്പിച്ചത്. ആൽബെർട്ട വിഘടനവാദത്തിനായുള്ള ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്തുന്നതിൻ്റെ ഭാഗമായാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. വേർപിരിയൽ സമ്പദ്‌വ്യവസ്ഥയെയും പൗരന്മാരുടെ അവകാശങ്ങളെയും ഉടമ്പടി കരാറുകളെയും ദോഷകരമായി ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും ലുകാസുക് പറഞ്ഞു. അതേസമയം, വേർപിരിയലിനെ അനുകൂലിക്കുന്ന ഒരു റഫറണ്ടവും അതിന്റെ ഭരണഘടനാ സാധുതയെക്കുറിച്ചുള്ള കോടതി അവലോകനത്തിലാണ്. ആൽബെർട്ട പ്രോസ്‌പെരിറ്റി പ്രോജക്റ്റിൽ നിന്നുള്ള മിച്ച് സിൽവെസ്ട്രെ സമർപ്പിച്ച ഈ ഹർജിയിൽ ആൽബെർട്ട ഒരു സ്വതന്ത്ര രാജ്യമാകണോ എന്ന് ചോദ്യമാണ് ഉള്ളത്.