തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ തീവ്ര നിലപാടുകാർ സ്ത്രീത്വത്തെ ആയുധമാക്കുന്നുവെന്ന് കനേഡിയൻ ഇൻ്റലിജൻസ് റിപ്പോർട്ട്. ഫിറ്റ്നസ് ടിപ്പുകൾ, പേരൻ്റിങ് ഉപദേശങ്ങൾ തുടങ്ങിയവയിലൂടെയാണ് ഇത്തരക്കാർ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നത്. ഇതിലൂടെ സാധാരണക്കാരായ സ്ത്രീകൾ പോലും എളുപ്പത്തിൽ തീവ്രവാദത്തിലേക്ക് ആകൃഷ്ടരാകുന്നുവെന്നാണ് കണ്ടെത്തൽ.
പുരുഷന്മാരെ മാത്രം ലക്ഷ്യമിടുന്നതിനുപകരം, തീവ്രവാദ പ്രസ്ഥാനങ്ങൾ ഇപ്പോൾ സൂക്ഷ്മമായ ഓൺലൈൻ ഉള്ളടക്കത്തിലൂടെ സ്ത്രീകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ് കണ്ടെത്തൽ. സുരക്ഷിതവും ആകർഷകവുമായ ഓൺലൈൻ സമൂഹങ്ങൾ സൃഷ്ടിക്കുകയാണ് ഇവർ ചെയ്യുന്നത്. തത്സമയ സ്ട്രീമിംഗ് ഉള്ള പ്ലാറ്റ്‌ഫോമുകളാണ് ഇവർ കൂടുതൽ തെരഞ്ഞെടുക്കുന്നത്. ഇതിലൂടെ പണം സ്വരൂപിക്കുകയോ പ്ലാറ്റ്‌ഫോമുകളിലൂടെ അക്രമത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നു. ഈ പ്രവണത സമീപകാലത്ത് കൂടുതൽ വഷളാവുകയും ചെയ്തതായി വിദഗ്ദ്ധർ പറയുന്നു. ഇതേ തുടർന്ന് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥൾ ഇപ്പോൾ തീവ്രവാദ ഗ്രൂപ്പുകളിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. അക്രമങ്ങളിൽ സജീവമായി പങ്കെടുത്താലും സ്ത്രീകൾക്ക് പലപ്പോഴും കുറഞ്ഞ ശിക്ഷകൾ മാത്രമേ ലഭിക്കൂ. കാനഡയിൽ, തീവ്രവാദ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടത് രണ്ട് സ്ത്രീകൾ മാത്രമാണ്. അടുത്തിടെ, ഐസിസിൽ ചേർന്ന ഔമൈമ ചൗവേ എന്ന സ്ത്രീക്ക് ഒരു ദിവസം മാത്രം തടവ് ശിക്ഷ ലഭിച്ചിരുന്നു