സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയിൽ  പലസ്തീൻ രാഷ്ട്രത്തെ കാനഡ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

By: 600110 On: Jul 31, 2025, 1:04 PM

 

സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയിൽ  പലസ്തീൻ രാഷ്ട്രത്തെ കാനഡ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. വെസ്റ്റ് ബാങ്ക് ഭരണസമിതി ചില ഉറപ്പുകൾ നല്കാൻ തയ്യാറെങ്കിൽ പലസ്തീനെ അംഗീകരിക്കുമെന്നാണ് മാർക് കാർണി പറഞ്ഞത്. 

​ഗാസയിൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് 2026 നടത്താമെന്നും ഈ തെരഞ്ഞെടുപ്പിൽ ഹമാസിന് ഒരു പങ്കാളിത്തവും ഉണ്ടാകില്ലെന്നും പലസ്തീൻ അതോറിറ്റിയുടെ പ്രസിഡൻ്റ് മുഹമ്മദ് അബ്ബാസ് ഉറപ്പ് നൽകിയെന്നും കാർണി വ്യക്തമാക്കി. പലസ്തീൻ രാഷ്ട്രത്തെ ഒരിക്കലും സൈനിക വത്കരിക്കില്ലെന്ന് അബ്ബാസ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കാർണി കൂട്ടിച്ചേർത്തു.  മധ്യപൂർവ്വേഷ്യയിലെ ഒരു സ്വതന്ത്രരാഷ്ട്രമെന്ന നിലയിൽ ഇസ്രയേലിൻ്റെ നിലനിൽപ്പിനെ പിന്തുണയ്ക്കുമെന്നും കാർണി വ്യക്തമാക്കി. ബുധനാഴ്ച പലസ്തീൻ അതോറിറ്റി പ്രസിഡൻ്റ് മെഹ്മൂദ് അബ്ബാസുമായി കാർണി ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്നാണ് പലസ്തീനെ അംഗീകരിക്കുമെന്ന് കാർണി വ്യക്തമാക്കിയത്. നിലവിൽ വെസ്റ്റ്ബാങ്കിൻ്റെ നിയന്ത്രണം പലസ്തീൻ അതോറിറ്റിക്കും ഗാസയുടേത് ഹമാസിനുമായിരുന്നു. എങ്കിലും 2006ന് ശേഷം ഇരു മേഖലകളിലും തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഗാസയിൽ വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും വ്യക്തമാക്കിയിരുന്നു.