വിസ അപേക്ഷകരോട് അവരുടെ എല്ലാ സോഷ്യല്‍മീഡിയ പ്രൊഫൈലുകളിലെയും പ്രൈവസി സെറ്റിംഗ്‌സ് 'പബ്ലിക്' ആയി ക്രമീകരിക്കാന്‍ ഉത്തരവിട്ട് ആഴ്ചകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ അപേക്ഷകയ്ക്ക് യുഎസ് വിസ നിഷേധിച്ചതായി റിപ്പോര്‍ട്ട്. റെഡ്ഡിറ്റ് അക്കൗണ്ടിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കിടുന്നതില്‍ പരാജയപ്പെട്ടതിനാലാണ് അപേക്ഷ നിരസിച്ചതെന്നാണ് വിവരം.
അടുത്തിടെ F-1 വിസ അഭിമുഖമുണ്ടായിരുന്നു. ഇതിനിടയില്‍ DS-160 ഫോമില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത റെഡ്ഡിറ്റ് അക്കൗണ്ടിനെക്കുറിച്ച് വീസ ഓഫീസര്‍ ആശങ്ക ഉന്നയിച്ചിരുന്നതായി അപേക്ഷക പറഞ്ഞു. എന്നാല്‍ തന്റെ അക്കൗണ്ട് പബ്ലിക് ആണെന്നും അതില്‍ കുറ്റകരമായ ഉള്ളടക്കങ്ങളൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. എങ്കിലും വിസയ്ക്കുള്ള അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് അപേക്ഷക ചൂണ്ടിക്കാട്ടി. അക്കൗണ്ട് പബ്ലിക് ആയിരുന്നിട്ടും അത് അവര്‍ക്ക് പ്രൈവറ്റായി തോന്നിയതില്‍ തനിക്ക് ആശങ്കയുണ്ടെന്ന് യുവതി പറയുന്നു.
ഇന്റര്‍വ്യൂവിന്റെ അവസാനം തന്റെ എല്ലാ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും പബ്ലിക് ആക്കണമെന്ന് അഭ്യര്‍ത്ഥിച്ച് 221(g) സ്ലിപ്പും തനിക്ക് നല്‍കിയതായി യുവതി പറഞ്ഞു. വിസ അപേക്ഷ താല്‍ക്കാലികമായി നിരസിക്കപ്പെട്ട അപേക്ഷകര്‍ക്കാണ് 221(g) സ്ലിപ്പ് നല്‍കുന്നത്. അപേക്ഷകര്‍ എല്ലാ മാനദണ്ഡങ്ങളും ഉടനടി പാലിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ സ്ലിപ്പ് നല്‍കുന്നത്.