സ്റ്റാര്‍ലിങ്കുമായുള്ള 100 മില്യണ്‍ ഡോളറിന്റെ കരാര്‍ റദ്ദാക്കി: ഔദ്യോഗിക സ്ഥിരീകരണവുമായി ഒന്റാരിയോ സര്‍ക്കാര്‍ 

By: 600002 On: Jul 31, 2025, 12:07 PM

 


ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായുള്ള 100 മില്യണ്‍ ഡോളറിന്റെ കരാര്‍ റദ്ദാക്കിയതായി ഒന്റാരിയോ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍ സ്‌പേസ് എക്‌സിന് പ്രവിശ്യ നല്‍കേണ്ട കില്‍ ഫീസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എനര്‍ജി, മൈന്‍സ് മിനിസ്റ്റര്‍ സ്റ്റീഫന്‍ ലക്‌സെ ഉത്തരം നല്‍കിയില്ല. സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയെന്ന് സ്ഥിരീകരിക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ ലക്‌സെ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ക്കും കാനഡയെ 51 ആം സംസ്ഥാനമാക്കണമെന്ന പ്രസ്താവനകള്‍ക്കുമെതിരെയുള്ള പ്രതികാര നടപടികളുടെ ഭാഗമായാണ് ഫോര്‍ഡ് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയത്. 

റൂറല്‍, നോര്‍ത്തേണ്‍ ഒന്റാരിയോയിലെ 15,000 താമസക്കാര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിനുള്ള കരാര്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ മിനിസ്റ്റര്‍ കിംഗ സുര്‍മ പ്രഖ്യാപിച്ചത്. ജൂണില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നിശ്ചയിച്ചിരുന്ന കരാര്‍ ഹാര്‍ഡ്‌വെയര്‍, ഇന്‍സ്റ്റാളേഷന്‍ ചെലവുകള്‍ വഹിക്കുമായിരുന്നു.  

കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ ചുമത്തിയാല്‍ ഫെബ്രുവരിയില്‍ കരാര്‍ റദ്ദാക്കുമെന്ന് ഡഗ് ഫോര്‍ഡ് ഭീഷണിപ്പെടുത്തിയിരുന്നു. ട്രംപിന്റെ പ്രസ്താവനകളോട് അനുകൂലമായി നിന്ന മസ്‌കിന്റെ കരാര്‍ ട്രംപ് തീരുവകളുമായി മുന്നോട്ട് പോയപ്പോള്‍ റദ്ദാക്കുന്നതായി ഫോര്‍ഡ് അറിയിച്ചു.