കാല്‍ഗറിയില്‍ ലിക്വര്‍ സ്‌റ്റോറില്‍ നടത്തിയ കവര്‍ച്ചാ കേസിലും ബസ് ഡ്രൈവറെ കത്തിമുനയില്‍ നിര്‍ത്തി മോഷണം നടത്തിയ കേസിലുമായി ഒരു കൂട്ടം കൗമാരക്കാര്‍ അറസ്റ്റില്‍. അറസ്റ്റിലായവരുടെ സംഘത്തില്‍ 11 വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 11.45 ഓടെ എള്‍ട്ടണ്‍ സ്‌റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിലുണ്ടായിരുന്ന ഡ്രൈവര്‍ക്ക് നേരെയാണ് കവര്‍ച്ചാശ്രമമുണ്ടായത്. ഡ്രൈവറുടെ അടുത്തേക്ക് കത്തിയുമായി വന്ന കൗമാരക്കാരന്‍ ഭീഷണിപ്പെടുത്തി ഫോണും പണവും നല്‍കാന്‍ പറയുകയുകയായിരുന്നുവെന്ന് കാല്‍ഗറി പോലീസ് പറഞ്ഞു. പിന്നീട് ആണ്‍കുട്ടി ബസിന് പുറത്ത് നിന്ന ഒരു കൂട്ടം യുവാക്കളുടെ കൂടെ പോവുകയായിരുന്നു.
ബസ് ഡ്രൈവര്‍ ഉടന്‍ സംഭവം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 25 അവന്യു എസ്ഡബ്ല്യു, മക്ലിയോഡ് ട്രെയിലില്‍ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. കവര്‍ച്ചയുമായി ബന്ധപ്പെട്ട് 11 കാരനെ അറസ്റ്റ് ചെയ്ത് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. കാനഡയിലെ ക്രിമിനല്‍ കോഡ് പ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടിയുടെ മേല്‍ കുറ്റം ചുമത്താന്‍ കഴിയില്ല.
കൂടുതല്‍ അന്വേഷണത്തില്‍ ഒരു മണിക്കൂര്‍ മുമ്പ് നഗരത്തിലെ മദ്യവില്‍പ്പനശാലയില്‍ നടന്ന കവര്‍ച്ചയുമായി കൗമാരപ്രായക്കാരുടെ സംഘത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്തി. 11 അവന്യു SW, 5 സ്ട്രീറ്റ് SWഎന്നിവയ്ക്ക് സമീപമുള്ള ഒരു കടയില്‍ കയറി 200 ഡോളറില്‍ കൂടുതല്‍ വില വരുന്ന നിരവധി മദ്യക്കുപ്പികള്‍ സംഘം മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. ഇവരില്‍ 14 വയസ്സുള്ള പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്. മദ്യശാലയില്‍ നിന്ന് മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള പെണ്‍കുട്ടിക്കെതിരെയും കേസെടുത്തിട്ടുണ്ട്.