ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യം വച്ചുള്ള കൊള്ളയും തീവയ്പ്പും വീണ്ടും ഉയരുന്നതായി എഡ്മണ്ടൺ പോലീസിൻ്റെ മുന്നറിയിപ്പ്. സമ്പന്നരായ ദക്ഷിണേഷ്യൻ ബിസിനസ്സ് ഉടമകളെയും ഭവനനിർമ്മാണക്കാരെയും ലക്ഷ്യമിട്ടുള്ള മുൻ ആക്രമണങ്ങളോട് സാമ്യം ഉള്ളതാണ് മെയ് മുതൽ നടന്ന ആറ് കേസുകളെന്ന് ഇടക്കാല മേധാവി വാറൻ ഡ്രീഷൽ വെളിപ്പെടുത്തി. 2024 ഇത്തരം നാല്പതോളം സംഭവങ്ങളുണ്ടായത് അറസ്റ്റുകളിലേക്ക് നയിച്ചിരുന്നു. ഇതേ തുടർന്ന് താല്കാലികമായി നിർത്തി വച്ച അക്രമങ്ങളാണ് ഇപ്പോൾ വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്.
ഇത്തരം സംഭവങ്ങൾ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് പറഞ്ഞു. ഇരകളായവർക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുകയും രാജ്യവ്യാപകമായി നിരവധി വീടുകൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് കൊളംബിയയിലും ഒൻ്റാരിയോയിലും സമാനമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്. വിശാലമായൊരു ശൃംഖല ഇതിന് പിന്നിലുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മനീന്ദർ ധാലിവാളിനെ യുഎഇയിൽ നിന്ന് കാനഡയിലേക്ക് എത്തിക്കാൻ പൊലീസ് ശ്രമം തുടരുകയാണ്. ഇന്ത്യയിലെ ലോറൻസ് ബിഷ്‌ണോയി നയിക്കുന്ന ബിഷ്‌ണോയി സംഘവുമായി ഈ ആക്രമണങ്ങൾക്ക് ബന്ധമുണ്ടാകാമെന്നും പൊലീസ് അറിയിച്ചു. ഇതേ തുടർന്ന് ഈ സംഘത്തെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്ന കാര്യം കനേഡിയൻ അധികൃതർ പരിഗണിച്ച് വരികയാണ്. ബ്രാംപ്ടൺ മേയറിനൊപ്പം ആൽബെർട്ട, ബി.സി. പ്രീമിയർമാരും ഈ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്. തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കപ്പെട്ടാൽ, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നിരീക്ഷണം ശക്തമാക്കാനും കഴിയും. യുവാക്കളുടെ പെരുമാറ്റം നിരീക്ഷിക്കണമെന്നും ജനങ്ങൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാരണം ഗുണ്ടാ നേതാക്കൾ യുവാക്കളെ ഈ കുറ്റകൃത്യങ്ങൾക്കായി റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.