ബ്രെത്ത്അലൈസർ സാമ്പിൾ നൽകാൻ കഴിയാത്തതിനെ തുടർന്ന് കാൽഗറിയിൽ യുവതിക്കെതിരെ കുറ്റം ചുമത്തി

By: 600110 On: Jul 30, 2025, 2:06 PM

 

 

ബ്രെത്ത്അലൈസർ സാമ്പിൾ നൽകാൻ കഴിയാത്തതിനെ തുടർന്ന് കാൽഗറിയിൽ യുവതിക്കെതിരെ കുറ്റം ചുമത്തി. ഏപ്രിൽ 24 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാവിലെ പതിനൊന്നരയോടെ സ്റ്റോണി ട്രെയിലിന് സമീപം വച്ച് വാഹനത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ തന്നെ തടയുകയായിരുന്നു എന്ന് പാം ലക്കുസ്റ്റ എന്ന യുവതി പറഞ്ഞു. അമിത വേഗത ആരോപിച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ്റെ നടപടി. 

തുടർന്ന് ഉദ്യോഗസ്ഥൻ ബ്രെത്ത്അലൈസർ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ താൻ ഒരിക്കലും മദ്യപിക്കാത്ത ആളാണ് എന്ന് ലക്കൂസ്റ്റ പറയുന്നു.  ബ്രെത്ത്അലൈസർ സാമ്പിൾ നൽകാൻ 30 തവണ ശ്രമിച്ചതിന് ശേഷവും ലക്കുസ്റ്റയ്‌ക്കെതിരെ ഇമ്മീഡിയേറ്റ് റോഡ്‌സൈഡ് സാങ്ഷൻ ഫെയിൽ (IRS ഫെയിൽ) എന്ന കുറ്റം ചുമത്തിയെന്നാണ് ആരോപണം. സാമ്പിൾ നൽകുന്നത് ഉദ്യോഗസ്ഥൻ മനപൂർവ്വം തടസ്സപ്പെടുത്തിയെന്നും ലക്കൂസ്റ്റ പറഞ്ഞു. 

 ട്രാഫിക് സുരക്ഷാ നിയമപ്രകാരമാണ്  ലക്കുസ്റ്റയ്‌ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ലൈസൻസ് 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്തു. വാഹനം പുറത്തെടുക്കാൻ  1,600 ഡോളറും നൽകേണ്ടി വന്നു. 90 ദിവസത്തെ ലൈസൻസ് സസ്‌പെൻഷനെ തുടർന്ന്, ലക്കുസ്റ്റ ആൽബെർട്ട മോട്ടോർ അസോസിയേഷനിൽ നിന്ന് പ്ലാനിംഗ് അഹെഡ് കോഴ്‌സ് എടുക്കേണ്ടതുണ്ട്, ഇതിന് $400 ചിലവാകും. ഇത് പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും. ഇതിനെതിരെ നിയമ പോരാട്ടം തുടരുകയാണ് ഇവർ.