കാനഡയില്‍ പാവപ്പെട്ടവരും സമ്പന്നരും തമ്മിലുള്ള വരുമാന വിടവ് വര്‍ധിച്ചു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്

By: 600002 On: Jul 30, 2025, 1:05 PM

 

കാനഡയില്‍ താഴ്ന്ന വരുമാനക്കാരും ഉയര്‍ന്ന വരുമാനക്കാരും തമ്മിലുള്ള അന്തരം റെക്കോര്‍ഡ് നിലവാരത്തിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോര്‍ട്ട്. ഉയര്‍ന്ന വരുമാനമുള്ള 40 ശതമാനം കുടുംബങ്ങള്‍ക്കും താഴ്ന്ന വരുമാനമുള്ള 40 ശതമാനം കുടുംബങ്ങള്‍ക്കും ഇടയിലുള്ള വരുമാന വിഹിതത്തിലെ വിടവാണ് പരിശോധിച്ചത്. റിപ്പോര്‍ട്ടിലെ ഫലങ്ങള്‍ ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമുള്ളതും താഴ്ന്ന വരുമാനമുള്ളതുമായ കുടുംബങ്ങള്‍ തമ്മിലുള്ള വരുമാന അന്തരം, 2025ന്റെ ആദ്യ പാദത്തില്‍, റെക്കോര്‍ഡ് ഉയരത്തിലെത്തിയതായാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നത്.

സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കുകള്‍ വിലയിരുത്തുമ്പോള്‍, ദരിദ്ര വിഭാഗക്കാരായ കുടുംബങ്ങളെ അപേക്ഷിച്ച്, സമ്പന്ന കുടുംബങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കാന്‍ പാകത്തില്‍ കയ്യിലുണ്ടായിരുന്നു. രണ്ട് വിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസം 49 ശതമാനം പോയിന്റുകളായി വര്‍ദ്ധിച്ചതായും സ്റ്റാറ്റിറ്റിക്‌സ് കാനഡ വ്യക്തമാക്കുന്നു. കൊവിഡിന് ശേഷം ഓരോ വര്‍ഷവും, ഈ വ്യത്യാസം വര്‍ദ്ധിച്ചതായും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. 2025ന്റെ ആദ്യ പാദത്തില്‍, സമ്പന്നരായ കുടുംബങ്ങള്‍ക്ക് അവരുടെ നിക്ഷേപങ്ങളില്‍ നിന്ന് കൂടുതല്‍ പണം ലഭിച്ചു. എന്നാല്‍ ദരിദ്ര കുടുംബങ്ങളുടെ വേതനം കുറഞ്ഞതിനാല്‍ അവരുടെ വരുമാനത്തിലും കുറവുണ്ടായി.

2025ന്റെ ആദ്യ പാദത്തില്‍, ഏറ്റവും ദരിദ്രരായ 20 ശതമാനം കുടുംബങ്ങളുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.2 ശതമാനം വര്‍ദ്ധന മാത്രമേ ഉണ്ടായിട്ടുള്ളൂ. മറുവശത്ത്, ഏറ്റവും സമ്പന്നരായ 20 ശതമാനം കുടുംബങ്ങളുടെ വരുമാനത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 7.7 ശതമാനം വര്‍ദ്ധനവാണ് അവര്‍ക്കുണ്ടായത്.