മൗണ്ട് പ്ലസന്റ് റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളിലേക്ക് പാലങ്ങളില്‍ നിന്ന് വസ്തുക്കള്‍ എറിയുന്നു; മുന്നറിയിപ്പ് നല്‍കി ടൊറന്റോ പോലീസ് 

By: 600002 On: Jul 30, 2025, 12:39 PM

 

 

മൗണ്ട് പ്ലസന്റ് റോഡിന് കുറുകെയുള്ള പാലങ്ങളില്‍ നിന്ന് റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളിലേക്ക് വസ്തുക്കള്‍ വലിച്ചെറിയുന്നത് സംബന്ധിച്ച് ടൊറന്റോ പോലീസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രി 9 മണിക്കും 10 മണിക്കും ഇടയില്‍ ബ്ലൂര്‍ സ്ട്രീറ്റ് ഈസ്റ്റിനും സെന്റ് ക്ലെയര്‍ അവന്യു ഈസ്റ്റിനും ഇടയിലുള്ള റോഡരികിലെ പാലങ്ങളില്‍ നിന്ന് ആളുകള്‍ വസ്തുക്കള്‍ റോഡിലേക്ക് വലിച്ചെറിയുന്നതായി രണ്ട് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.

പാലങ്ങള്‍ക്കടിയിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ക്ക് വസ്തുക്കള്‍ വന്ന് ഇടിച്ചതിനെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചതായി പോലീസ് പറഞ്ഞു. ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലത്തില്‍ നിന്ന് പാറകഷ്ണങ്ങളും കോണ്‍ക്രീറ്റ് പാളികളുമെന്ന് തോന്നിപ്പിക്കുന്ന ലസ്തുക്കള്‍ താഴെ റോഡിലേക്ക് വലിച്ചെറിഞ്ഞതായി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്ത വ്യക്തി പറഞ്ഞു. 

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മൗണ്ട് പ്ലസന്റ് റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.