ദില്ലി: ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടന്നതടക്കമുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. വെടിനിർത്തൽ സാധ്യമാക്കിയത് താനാണെന്ന ട്രംപിന്‍റെ തുടർച്ചയായ അവകാശമാദമടക്കം 'ഓപ്പറേഷൻ സിന്ദൂർ' ചർച്ചക്കുള്ള മറുപടിക്കിടെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ഒരു ലോക നേതാവും ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി ലോക്സഭയിൽ വ്യക്തമാക്കി. പാകിസ്ഥാൻ വലിയ ആക്രമണം നടത്തുമെന്നാണ് ആ സമയത്ത് അമേരിക്ക പറഞ്ഞതെന്നും, അതിനേക്കാൾ വലിയ തിരിച്ചടി നൽകുമെന്ന് മറുപടി നൽകിയെന്നും മോദി വിശദീകരിച്ചു. ഒരു രാജ്യത്തിന്റെയും മധ്യസ്ഥത, ഇന്ത്യ - പാക് വെടിനിർത്തലിൽ ഉണ്ടായിട്ടില്ല. ഇന്ത്യയോട് സൈനിക നീക്കം നിർത്താൻ ആരും ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യയുടെ ആക്രമണത്തിൽ രക്ഷയില്ലാതെ പാകിസ്ഥാനാണ് വെടിനിർത്തലിന് കേണപേക്ഷിച്ചതെന്നും പ്രധാനമന്ത്രി ലോക്സഭയിൽ വ്യക്തമാക്കി. അങ്ങനെയാണ് ഇന്ത്യ വെടിനിർത്തലിലേക്ക് നീങ്ങിയതെന്നും മോദി വിവരിച്ചു.
കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച മോദി, പ്രതിപക്ഷം ശ്രമിക്കുന്നത് ഇന്ത്യൻ സൈന്യത്തിന്‍റെ മനോവീര്യം തകർക്കാനാണെന്നടക്കം കുറ്റപ്പെടുത്തി. പാകിസ്ഥാൻ ഉയർത്തുന്ന വിഷയങ്ങൾ ഇറക്കുമതി ചെയ്ത് ഏറ്റെടുക്കേണ്ട ഗതികേടിലാണ് കോൺഗ്രസെന്നും പാർലമെന്റിലെ ചർച്ചയിൽ മോദി പറഞ്ഞു. പാകിസ്ഥാൻ ഉയർത്തുന്ന വിഷയങ്ങൾ ഏറ്റെടുത്ത് സൈന്യത്തിന്റെ മനോവീര്യം തർക്കുകയാണ് പ്രതിപക്ഷമെന്നതടക്കമുള്ള അതിരൂക്ഷ വിമർശനവും മോദി നടത്തി. പാകിസ്ഥാനെതിരായ ആക്രമണം മുതൽ ഇന്ത്യക്ക് വിവിധ ലോക രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. എന്നാൽ കോൺഗ്രസ് പിന്തുണ ലഭിക്കാത്തത് ദൗർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് പരത്തുന്നത് അതിർത്തിക്കപ്പുറമുള്ളവരുടെ വാക്കുകൾ തന്നെയാണ്. പാക് തന്ത്രങ്ങളുടെ പ്രചാരകരായി കോൺഗ്രസ് മാറി. അവിശ്വാസം പരത്താൻ കോൺഗ്രസ് ശ്രമിച്ചെന്നും ഇതുകൊണ്ടാണ് കോൺഗ്രസിന് ജനഹൃദയങ്ങളിൽ സ്ഥാനമില്ലാത്തതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.