നോര്‍ത്ത്ഈസ്‌റ്റേണ്‍ ആല്‍ബെര്‍ട്ടയില്‍ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ച ഒരാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. എഡ്മന്റന് 200 കിലോമീറ്റര്‍ അകലെയുള്ള ലേക്ക് ലാ ബിഷെയിലാണ് സംഭവം നടന്നത്. പ്രദേശത്തെ ഒരു വീട്ടില്‍ പ്രശ്‌നം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നുവെന്ന് ലേക്ക് ലാ ബിഷെ ആര്‍സിഎംപി അറിയിച്ചു. എന്നാല്‍ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരും അക്രമിയും തമ്മില്‍ ഏറ്റുമുട്ടി. ഇയാള്‍ ഉദ്യോഗസ്ഥരില്‍ ഒരാളെ ആക്രമിച്ചു.
അതേസമയം, മറ്റൊരു ഉദ്യോഗസ്ഥന്‍ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചതായി ആര്‍സിഎംപി അറിയിച്ചു. ആക്രമിക്കപ്പെട്ട ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യനില തൃപ്തികരമായതിനാല്‍ ചികിത്സ നല്‍കി വിട്ടയക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ആല്‍ബെര്‍ട്ട സീരിയസ് ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം അന്വേഷണം ഏറ്റെടുത്തു.