ഛത്തീസ്ഗഡിലെ ബൽറാംപൂരിൽ നിന്നുള്ള ഒരു സർക്കാർ സ്കൂൾ അധ്യാപകന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അഞ്ച് വർഷമായി അധ്യാപകനായി തുടരുന്ന ഇദ്ദേഹത്തിന് ബോർഡിൽ എഴുതിയിരിക്കുന്ന അടിസ്ഥാന ഇംഗ്ലീഷ് വാക്കുകൾ പോലും കൃത്യമായി എഴുതാനോ കൂട്ടി വായിക്കാനോ അറിയില്ലെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. ഇയാൾ എങ്ങനെയാണ് സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് ഭാഷാധ്യാപകനായി എന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിക്കുന്നത്.
വീഡിയോ ദൃശ്യങ്ങളിൽ ഏതാനും പേർ ചേർന്ന് അധ്യാപകൻ എന്ന് അവകാശപ്പെടുന്ന വ്യക്തിയെ നിർബന്ധിച്ച് ഏതാനും വാക്കുകൾ ബോർഡിൽ എഴുതിപ്പിക്കുന്നതും അത് വായിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. 11,19 എന്നീ അക്കങ്ങളാണ് അധ്യാപകനോട് ഇംഗ്ലീഷിൽ ബോർഡിൽ എഴുതാൻ ആവശ്യപ്പെടുന്നത്. ഈ രണ്ട് അക്കങ്ങളുടെയും സ്പെല്ലിംഗ് ഇദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്ന് മാത്രമല്ല അത് ഉച്ചരിക്കാനും അറിഞ്ഞുകൂടായിരുന്നു. ഇലവനെ ഇയാൾ 'ഐവേനെ' എന്നും നയന്‍റീനെ 'നിനിതിൻ' എന്നുമാണ് ഇയാൾ ഉച്ചരിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് വലിയതോതിലുള്ള ആശങ്കകളാണ് ഉയരുന്നത്.
എക്സിൽ പ്രചരിക്കുന്ന വീഡിയോടൊപ്പമുള്ള കുറുപ്പിൽ 'ഛത്തീസ്ഗഢിലെ ബൽറാംപൂരിലുള്ള ഒരു സർക്കാർ സ്കൂൾ അധ്യാപകന് അടിസ്ഥാന ഇംഗ്ലീഷ് വാക്കുകൾ പോലും എഴുതാൻ അറിയില്ലായിരുന്നു - ഇയാളാണോ നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത്?' എന്നായിരുന്നു കുറിച്ചത്. വിദ്യാഭ്യാസ സംവിധാനത്തിന്‍റെ പരാജയമായി ഈ സംഭവം സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. അഞ്ച് വർഷമായി അധ്യാപകനായി തുടരുന്ന ഇയാൾക്ക് എങ്ങനെ ഒരു സർക്കാർ സ്കൂളിൽ നിയമനം ലഭിച്ചുവെന്നത് ആശങ്കപ്പെടുത്തുന്ന മറ്റൊരു ചോദ്യമായി അവശേഷിച്ചു. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടികളും ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് മറ്റൊരു ഗുരുതര പ്രശ്നമായി സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.