ലക്കി ഭാസ്‍കറിനുശേഷം വീണ്ടും തെലുങ്കില്‍, ദുല്‍ഖര്‍ ചിത്രത്തിന്റെ ദൃശ്യങ്ങള്‍

By: 600007 On: Jul 28, 2025, 4:38 PM

 

 

മലയാളത്തില്‍ ഇടവേളകളുണ്ടെങ്കിലും അന്യ ഭാഷാ സിനിമകളില്‍ സജീവ സാന്നിദ്ധ്യമാകുകയാണ് ദുല്‍ഖര്‍. ലക്കി ഭാസ്‍കറിനു ശേഷം തെലുങ്കില്‍ ദുല്‍ഖര്‍ നായകനാകുന്ന സിനിമയാണ് ആകാശംലോ ഒക താര. ആകാശംലോ ഒക താര സിനിമയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ദുല്‍ഖറിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഗ്ലിംപ്‍സ് പുറത്തുവിട്ടത്.

പവൻ സദിനേനിയാണ് ചിത്രത്തിന്റെ സംവിധാനം. ഗീത ആര്‍ട്‍സ്, സ്വപ്‍ന സിനിമ എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചത്. സുജിത് സാരംഗ് ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ദുൽഖർ നായകനായെത്തുന്ന തമിഴ് ചിത്രം 'കാന്ത'യുടെ ടീസറും ഇന്ന് പുറത്തുവിട്ടിരുന്നു. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്‍പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ദുൽഖറിന് ജന്മദിന ആശംസകൾ നേർന്നു കൊണ്ടുള്ള ഒരു പോസ്റ്ററും 'കാന്ത' ടീം ഇന്ന് പുറത്ത് വിട്ടിരുന്നു. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്. ദുൽഖർ എന്ന നടന്റെ അഭിനയ പ്രതിഭയെ മികച്ച രീതിയിൽ ഉപയോഗിക്കുന്ന ചിത്രമായിരിക്കും "കാന്ത" എന്ന സൂചനയാണ് ടീസർ നൽകുന്നത്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്‍നത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.