കുടിയേറ്റക്കാരോടുള്ള ശത്രുത കൂടാൻ ആൽബെർട്ട നെക്സ്റ്റ് കാരണമാകുന്നുവെന്ന് ആരോപണം ഉയരുന്നു

By: 600110 On: Jul 28, 2025, 4:28 PM

 

ആൽബെർട്ടയിൽ കുടിയേറ്റ നയത്തെക്കുറിച്ച് ചർച്ചകൾ തുടരുമ്പോൾ, പുതുതായി വരുന്നവർ കൂടുതലായി  വംശീയ വിദ്വേഷം  നേരിടുന്നതായി മുതിർന്ന ഉദ്യോഗസ്ഥൻ. ആൽബെർട്ട നെക്സ്റ്റ് ആളുകൾക്കിടയിൽ കൂടുതൽ ശത്രുത സൃഷ്ടിക്കുന്നുവെന്ന് സെൻ്റർ ഫോർ ന്യൂകേമേഴ്സിൻ്റെ ചീഫ് പ്രോഗ്രാം ഓഫീസർ പറയുന്നു.

തനിക്ക് നേരെയുള്ള വംശീയ അധിക്ഷേപങ്ങളും അവഹേളനപരമായ അഭിപ്രായങ്ങളും വർദ്ധിക്കുന്നത് സഹിക്കാൻ കഴിയും, പക്ഷേ കുടിയേറ്റക്കാർക്ക് എതിരായ നയങ്ങളിൽ  ആശങ്കയുണ്ട് എന്നാണ് ആൽബെർട്ടയിൽ താമസിക്കുന്ന ഷമൈല അക്രം പറയുന്നത്.  ഹിജാബ് ധരിക്കുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്നു എന്നതടക്കം, നിരവധി മോശം കാര്യങ്ങൾ കേൾക്കുന്നു എന്നും, ആളുകളെ ബോധവൽക്കരിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും അക്രം കൂട്ടിച്ചേർത്തു. കാനഡയിലെയും അമേരിക്കയിലെയും കുടിയേറ്റത്തെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകളാണ് ഓൺലൈനിലും നേരിട്ടും കുടിയേറ്റക്കാരോടുള്ള ശത്രുത വർദ്ധിക്കുന്നതിന് കാരണമെന്ന് കനേഡിയൻ ആൻ്റി-ഹേറ്റ് നെറ്റ്‌വർക്ക് പറയുന്നു. കുടിയേറ്റക്കാരോട്, പ്രത്യേകിച്ച് ദക്ഷിണേഷ്യൻ സമൂഹങ്ങളോട്, ഓൺലൈനിലൂടെയുള്ള വിദ്വേഷത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇവാൻ ബാൽഗോർഡ് വ്യക്തമാക്കി. സർക്കാരിൻ്റെ നയങ്ങളും കുടിയേറ്റക്കാർക്ക് എതിരായ വികാരത്തിന് കാരണമായിട്ടുണ്ടെന്ന് സെൻ്റർ ഫോർ ന്യൂ കമേഴ്സ് ചീഫ് പ്രോഗ്രാം ഓഫീസർ കെല്ലി ഏൺസ് പറഞ്ഞു. പൊതുജനങ്ങളുടെ പരാതികൾ കേൾക്കാൻ പ്രീമിയർ ഡാനിയേൽ സ്മിത്തിൻ്റെ നേതൃത്വത്തിൽ പ്രവിശ്യയിൽ പര്യടനം നടത്തുന്ന ആൽബെർട്ട നെക്സ്റ്റ് പാനൽ കുടിയേറ്റക്കാരോടുള്ള ദേഷ്യം ആളിക്കത്തിക്കുന്നുണ്ടെന്നും കെല്ലി ഏൺസ് പറഞ്ഞു.