അഭയാർത്ഥികൾക്കുള്ള ഹോട്ടൽ മുറികൾക്ക് ധനസഹായം നൽകുന്നത് ഫെഡറൽ സർക്കാർ നിർത്തുമെന്ന് ഐആർസിസി അറിയിച്ചു. ഒൻ്റാരിയോയിലെയും ക്യൂബെക്കിലെയും അഞ്ച് ഹോട്ടലുകളിലായി 485 അഭയാർത്ഥികളെ ഫെഡറൽ ഗവൺമെൻ്റ് പാർപ്പിക്കുന്നുണ്ട്. 2020 മുതൽ അഭയാർത്ഥികൾക്കായുള്ള താൽക്കാലിക ഹോട്ടൽ പാർപ്പിടത്തിനായി ഏകദേശം 1.1 ബില്യൺ ഡോളർ ചെലവഴിച്ചതായി ഐആർസിസി പറഞ്ഞു
2018 മുതൽ കാനഡയിലുടനീളമുള്ള അഭയാർത്ഥികളെ പാർപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ ധനസഹായം നൽകിയിട്ടുണ്ട് . കുടിയേറ്റത്തിലെ കുതിച്ചുചാട്ടം നേരിടുന്നതിനുള്ള താൽക്കാലിക നടപടിയായിട്ടാണ് ഈ സംവിധാനം ഉദ്ദേശിച്ചിരുന്നതെന്ന് ഫെഡറൽ ഉദ്യോഗസ്ഥർ നേരത്തേ പറഞ്ഞിരുന്നു. സെപ്റ്റംബർ 30 ന് പ്രോഗ്രാം അവസാനിക്കുന്നതിനുമുമ്പ് ഹോട്ടലുകളിൽ ഇപ്പോഴും താമസിക്കുന്നവർക്ക് പുതിയ താമസം കണ്ടെത്തേണ്ടി വരും. ഇതിന് ഇവരെ സഹായിക്കുമെന്ന് ഐആർസിസി അറിയിച്ചു. എന്നാൽ ഭവനപ്രതിസന്ധി രൂക്ഷമായ നഗരങ്ങളിൽ ഇത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വിദഗ്ധർ പറയുന്നു. അഭയാർത്ഥികളെ സംബന്ധിച്ച് താങ്ങാനാവുന്ന വിലയ്ക്ക് വീടുകൾ കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയാകാനാണ് സാധ്യത. എന്നാൽ മുൻപ് ഹോട്ടലുകളിൽ താമസിച്ചിരുന്ന 15,000-ത്തിലധികം അഭയാർത്ഥികൾ ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് മാറിയിട്ടുണ്ടെന്ന് ഐആർസിസി അറിയിച്ചു.