കനേഡിയന്‍ ലോട്ടറി വിജയികള്‍ അവരുടെ ചെക്കുകള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യേണ്ടത് നിര്‍ബന്ധമാണ് 

By: 600002 On: Jul 28, 2025, 12:05 PM

 


കാനഡയില്‍ ലോട്ടറി വിജയികള്‍ ചെക്കുകള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കേണ്ടത് നിര്‍ബന്ധമാണ്. ലോട്ടറി വിജയികള്‍ ചെക്കുകള്‍ പിടിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ സന്തോഷകരമായ നിമിഷത്തിന്റെ ഓര്‍മ്മകള്‍ മാത്രമല്ല, കാനഡ ലോട്ടറി കോര്‍പ്പറേഷനുകളുടെ നയത്തിന്റെ ഭാഗം കൂടിയാണിത്.  

ലോട്ടറി സമ്മാനം വിജയികള്‍ക്ക് നല്‍കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഫോട്ടോ എടുക്കുന്നതെന്ന് ഒന്റാരിയോ ലോട്ടറി ആന്‍ഡ് ഗെയ്മിംഗ് കോര്‍പ്പറേഷന്‍(OLG)  മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ ടോണി ബിറ്റോണ്ടി പറഞ്ഞു. മറ്റ് ലോട്ടറി കോര്‍പ്പറേഷനുകളും സ്ഥാപനങ്ങളും സമാനമായ നയങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. 

എല്ലാ സമയത്തും ശരിയായ വ്യക്തിക്ക് ശരിയായ സമ്മാനം നല്‍കുക എന്നതാണ് OLGയുടെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. തല്‍ഫലമായാണ് ഒരു ലോട്ടറി വിജയിയുടെ ഫോട്ടോ, പേയ്‌മെന്റിന്റെ രേഖയായും വിജയികളുടെ പേയ്‌മെന്റുമായി ബന്ധപ്പെട്ട സുതാര്യതയുടെ ഭാഗമായും പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങുകയാണെങ്കില്‍ ലോട്ടറി ടിക്കറ്റ് വാങ്ങുന്നയാളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്ന് OLG പറയുന്നു. 

10,000 ഡോളറോ അതില്‍ കൂടുതലോ വിലയുള്ള ഒരു സമ്മാനം നേടിയാല്‍ വിജയിയുടെ ഫോട്ടോ എടുക്കേണ്ടതുണ്ട്. ഒന്റാരിയോയില്‍ വിജയികള്‍ക്ക് അവരുടെ സമ്മാനം ഓണ്‍ലൈനായി ക്ലെയിം ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട്. 1000 ഡോളര്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ നേടുന്നവര്‍ക്ക് ഒരു ഫോം പൂരിപ്പിച്ച്(ടിക്കറ്റ് നമ്പര്‍, ഐഡി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍) കൊടുക്കേണ്ടതാണ്. ആവശ്യമായ രേഖകള്‍ അറ്റാച്ച് ചെയ്ത് ഓണ്‍ലൈനായി ക്ലെയിം സമര്‍പ്പിക്കാം.