ബ്രിട്ടീഷ് കൊളംബിയയിലെ ക്രെസ്റ്റണിന് സമീപം ഗ്രിസ്ലി കരടിയുടെ ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ് ജീവന്‍ അപകടത്തിലായൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 4.30 ഓടെ കൂറ്റ്‌നെ നദിക്കരയിലൂടെ ഇ-ബൈക്കുകളില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്ക് നേരെയാണ് കരടിയുടെ ആക്രമണം ഉണ്ടായതെന്ന് ബീസി കണ്‍സര്‍വേഷന്‍ ഓഫീസര്‍ സര്‍വീസ് പറഞ്ഞു. ഭര്‍ത്താവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഭാര്യ കരടിയെ കണ്ടുവെന്നും ബിയര്‍ സ്േ്രപ ഉപയോഗിച്ച് കരടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടാമതൊരു കരടിയെത്തി ഭര്‍ത്താവിനെ ആക്രമിക്കുകയായിരുന്നുവെന്നും സര്‍വീസ് പറഞ്ഞു. ഭാര്യ വീണ്ടും ബിയര്‍ സ്‌പ്രേ ഉപയോഗിച്ചതോടെ രണ്ട് കരടികളും ഓടിപ്പോയെന്ന് സര്‍വീസ് വ്യക്തമാക്കി.
ആക്രമണത്തിന് പിന്നാലെ എമര്‍ജന്‍സി സര്‍വീസിനെ വിളിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ യുവാവിനെ ക്രാന്‍ബ്രൂക്കിലെ ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ച് ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
സംഭവത്തിന് ശേഷം കണ്‍സര്‍വേഷന്‍ ഓഫീസര്‍മാര്‍ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കരടികളെ കണ്ടെത്താനായില്ലെന്ന് ബിസിസിഒഎസ് പറയുന്നു. ഈ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ കരടികളെ സൂക്ഷിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.