ഈ വര്‍ഷം ഒന്റാരിയോയിലുടനീളം മുങ്ങിമരണങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍. നിരവധി മുങ്ങിമരണങ്ങള്‍ സംബന്ധിച്ച് ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രാദേശിക തടാകങ്ങളിലും നദികളിലും ഇറങ്ങുന്ന ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ലൈഫ് സേവിംഗ് സൊസൈറ്റി മുന്നറിയിപ്പ് നല്‍കുന്നു.
ഈ വര്‍ഷം കുട്ടികളും പ്രായമാവരും ഉള്‍പ്പെടെ നിരവധിയാളുകളാണ് പ്രവിശ്യയില്‍ മുങ്ങിമരിച്ചത്. തണുത്തുറഞ്ഞുകിടക്കുന്ന തടാകങ്ങളും ശക്തമായ തിരമാലകളും, താഴ്ന്ന പ്രദേശങ്ങള്‍ എന്നിവ അപകടസാധ്യത ഏറെയുള്ള സ്ഥലങ്ങളാണ്. ഇവിടങ്ങളില്‍ ആളുകള്‍ പ്രവേശിക്കുന്നതിന് മുമ്പ് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പ്രവിശ്യയുടെ കണക്കുകള്‍ പ്രകാരം, 35 ശതമാനം ആളുകളും നീന്തുന്നതിനിടയിലാണ് മുങ്ങിമരിക്കുന്നത്. 13 ശതമാനം പേര്‍ തടാകങ്ങളിലും നദികളിലും കുളിക്കാനിറങ്ങുമ്പോഴോ, ജലാശയങ്ങള്‍ക്ക് സമീപം ജോലി ചെയ്യുന്നതിനിടയില്‍ അബദ്ധത്തില്‍ സംഭവിക്കുന്നു. പവര്‍ ബോട്ടിംഗ് നടത്തുമ്പോള്‍ 10 ശതമാനം പേര്‍ മുങ്ങിമരിക്കുന്നതായാണ് കണക്കുകള്‍. ഏഴ് ശതമാനം പേര്‍ കനോയിംഗ് നടത്തുമ്പോഴാണ് അപകടത്തില്‍പ്പെടുന്നത്.
ജലാശയങ്ങളില്‍ ഇറങ്ങുന്നവരും ബോട്ടിംഗ്, ഫിഷിംഗ് എന്നിവ നടത്തുന്നവരും കൃത്യമായി ലൈഫ് ജാക്കറ്റ് ധരിക്കുകയും മറ്റ് മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണമെന്ന് ലൈഫ്‌സേവിംഗ് സൊസൈറ്റി പറയുന്നു.
പ്രായം നോക്കാതെ എല്ലാവരും നീന്തല്‍ പഠിക്കുന്നത് നല്ലതാണെന്നും മുമ്പ് നീന്തല്‍ പഠിച്ചിട്ടില്ലാത്തവര്‍ക്കായി ലൈഫ്‌സേവിംഗ് സൊസൈറ്റി ഒരു പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.