വാഷിംഗ്ടൺ/സ്കോട്ട്ലൻഡ്: തായ്‍ലൻഡും കംബോഡിയയും വെടിനിർത്തൽ ചർച്ചകൾക്ക് സമ്മതിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിൽ മൂന്ന് ദിവസമായി തുടരുന്ന അതിർത്തി സംഘർഷത്തിന് അറുതി വരുത്തുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. സംഘർഷത്തിൽ 30-ലധികം പേർ കൊല്ലപ്പെടുകയും 1,30,000-ത്തിലധികം പേർക്ക് വീടുകൾ ഉപേക്ഷിച്ചു പോകേണ്ടി വരികയും ചെയ്തിരുന്നു.
നിലവിൽ സ്കോട്ട്ലൻഡ് സന്ദർശിക്കുന്ന ട്രംപ്, തന്റെ 'ട്രൂത്ത് സോഷ്യൽ' പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റും തായ്‍ലൻഡിന്‍റെ ഇടക്കാല പ്രധാനമന്ത്രി ഫുംതാം വെച്ചയാചൈയുമായും താൻ സംസാരിച്ചുവെന്നും, പോരാട്ടം തുടർന്നാൽ യുഎസുമായുള്ള വ്യാപാരക്കരാറുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും ട്രംപ് പറഞ്ഞു.
ഇരുപക്ഷവും അടിയന്തര വെടിനിർത്തലിനും സമാധാനത്തിനും വേണ്ടി കാത്തിരിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. "അവർ ഉടൻ തന്നെ കൂടിക്കാഴ്ച നടത്താനും വെടിനിർത്തൽ വേഗത്തിൽ നടപ്പാക്കാനും ആത്യന്തികമായി സമാധാനം സ്ഥാപിക്കാനും സമ്മതിച്ചിരിക്കുന്നു" അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വൈറ്റ് ഹൗസോ ഉൾപ്പെട്ട എംബസികളോ വരാനിരിക്കുന്ന ചർച്ചകളുടെ വിശദാംശങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യ-പാക് സംഘർഷം ഓർമ്മിപ്പിച്ച് ട്രംപ്
കംബോഡിയയും തായ്‍ലൻഡും തമ്മിലുള്ള നിലവിലെ സംഘർഷം, അടുത്തിടെ നടന്ന ഇന്ത്യ-പാക് സംഘർഷത്തെ ഓർമ്മിപ്പിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. "ഈ യുദ്ധത്തിൽ ധാരാളം ആളുകൾ കൊല്ലപ്പെടുന്നുണ്ട്, ഇത് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷത്തെ ഓർമ്മിപ്പിക്കുന്നു, അത് വിജയകരമായി അവസാനിപ്പിച്ചു" കംബോഡിയൻ പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷം അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ആദ്യം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിന് താൻ സഹായിച്ചതായി ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്, എന്നാൽ ഇന്ത്യ ഈ വാദം ശക്തമായി നിഷേധിച്ചിരുന്നു. മെയ് മാസത്തിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെടിരുന്നു. ഇതിന് തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ത്യ-പാക് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.