പാരീസ്: ബ്രിജിറ്റ് മക്രോൺ പുരുഷനാണെന്ന് വ്യാപകമായി പ്രചരിപ്പിച്ച അമേരിക്കൻ വനിതാ പോഡ്കാസ്റ്ററിനെതിരെ നിയമനടപടിക്കൊരുങ്ങി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും ഭാര്യ ബ്രിജിറ്റും. അമേരിക്കയിലെ പ്രമുഖ തീവ്രവലതുപക്ഷ അനുഭാവിയും കൺസർവേറ്റീവ് ഇൻഫ്ളുവൻസറുമായ കാൻഡേസ് ഓവൻസിനെതിരെയാണ് ഫ്രാൻസ് പ്രസിഡന്റും ഭാര്യയും നിയമ പോരാട്ടത്തിന് ഇറങ്ങുന്നത്. ഫ്രാൻസിലെ പ്രഥമ വനിത പുരുഷനാണെന്നായിരുന്നു വലിയ രീതിയിൽ ശ്രദ്ധ നേടിയ നിരവധി പോഡ്കാസ്റ്റുകളിൽ കാൻഡേസ് ഓവൻസ് അവകാശപ്പെട്ടത്. ഈ ആരോപണം തുടർച്ചയായി നടത്താൻ കാൻഡേസ് ഓവൻസ് തുടങ്ങിയതോടെയാണ് ഇമ്മാനുവൽ മക്രോണും ഭാര്യയും നിയമ നടപടിക്കൊരുങ്ങിയത്.
ബുധനാഴ്ചയാണ് മക്രോണിനെ പ്രതിനിധാനം ചെയ്യുന്ന മാനനഷ്ട ഹർജി നൽകിയിട്ടുള്ളത്. ഡെലാവേർ സുപ്പീരിയർ കോടതിയിലാണ് 218 പേജുള്ള പരാതി ഇമ്മാനുവൽ മക്രോൺ നൽകിയിട്ടുള്ളത്. 72കാരിയായ ബ്രിജിറ്റ് മക്രോൺ ജീൻ മൈക്കൽ ത്രോങ്ക്സ് എന്ന പേരിലാണ് ജനിച്ചതെന്നാണ് കാൻഡേസ് ഓവൻസ് അവകാശപ്പെട്ടത്. ഇത് ബ്രിജിറ്റിന്റെ സഹോദരനാണെന്ന് വ്യക്തമാക്കുന്നതാണ് മക്രോണിന്റെ പരാതി. ഭീകരമായ രീതിയിൽ കാൻഡേസ് ഓവൻസ് തെറ്റ് പ്രചരിപ്പിച്ചുവെന്നും പ്രശസ്തി നേടാനുള്ള കാണിച്ചുകൂട്ടലുകളാണ് കാൻഡേസ് ഓവൻസിന്റെ സമൂഹമാധ്യമങ്ങളിൽ ബ്രിജിറ്റിനെതിരായ പോഡ്കാറ്റുകളെന്നും ഇമ്മാനുവൽ മക്രോൺ മാനനഷ്ടക്കേസിൽ വിശദമാക്കുന്നത്.
ഇമ്മാനുവൽ മക്രോണിനും ഭാര്യയുടേയും പ്രതിച്ഛായ ആഗോളതലത്തിൽ സാരമായി മോശമാകാൻ നടപടി കാരണമായെന്നും പരാതിയിൽ ഫ്രാൻസ് പ്രസിഡന്റും പ്രഥമവനിതയും വിശദമാക്കുന്നത്. കാൻഡേസ് ഓവൻസിന്റെ കെട്ടുകഥകൾ ആഗോളതലത്തിൽ ബുള്ളിയിംഗ് പോലെയാണ് തങ്ങൾക്ക് അനുഭവപ്പെട്ടതെന്നും പരാതി വിശദമാക്കുന്നു. 2024ൽ എക്സിലെ കുറിപ്പിലൂടെയാണ് കാൻഡേസ് ഓവൻസ് ബ്രിജിറ്റ് മാക്രോണിനെ അപമാനിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. തന്റെ വാദങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള എട്ട് പോഡ് കാസ്റ്റുകളും ഏറെ വൈകാതെ തന്നെ കാൻഡേസ് ഓവൻസ് പുറത്ത് വിട്ടു. ആരോപണങ്ങളോട് പ്രതികരിക്കാതിരുന്ന മക്രോൺ ദമ്പതികൾ അടുത്ത കാലത്താണ് അഭിഭാഷകരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് മാനനഷ്ടക്കേസ് നൽകിയത്.
ആഗോള തലത്തിൽ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള കെട്ടുകഥകളാണ് കാൻഡേസ് ഓവൻസ് പ്രചരിപ്പിച്ചത്. വിവാഹം, സുഹൃത്തുക്കൾ, കുടുംബം, സ്വകാര്യ വിവരങ്ങൾ എന്നിവയിലെ വിവരങ്ങളുടെ ലഭ്യത കുറവ് അടക്കം തന്റെ വാദങ്ങളെ സാധൂകരിക്കുന്നതിനായാണ് കാൻഡേസ് ഓവൻസ് ഉപയോഗിച്ചത്. നേരത്തെ ബ്രിജിറ്റ് മാക്രോൺ ട്രാൻസ് ജെൻഡർ വനിതയാണെന്ന് ആരോപിച്ചതിന്റെ പേരിൽ രണ്ട് തീവ്രവലതുപക്ഷ ഇൻഫ്ലുവൻസർമാർക്കെതിരെ ബ്രിജിറ്റ് മാനനഷ്ടക്കേസ് നൽകിയിരുന്നു. ഇതിൽ ബ്രജിറ്റിന് നഷ്ടപരിഹാരവും ലഭിച്ചിരുന്നു. 2021ലാണ് ബ്രിജിറ്റ് പുരുഷനാണ് എന്ന തരത്തിലുള്ള പ്രചാരണം ഫ്രാൻസിൽ വ്യാപകമായത്. സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ ആണ് ആദ്യമായി ബ്രിജിറ്റിനെതിരെ വ്യാജ പ്രചാരണം തുടങ്ങിയത്.