കാനഡയിലെ ഭവന - വാടക വിലകളിലുണ്ടായ വർദ്ധനവിന് കുടിയേറ്റം ഒരു ചെറിയ പങ്കു വഹിച്ചതായി ഫെഡറൽ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ വീടുകൾ വാങ്ങുന്നതിനും വാടകയ്‌ക്കെടുക്കുന്നതിനുമുള്ള ചെലവ് കുടിയേറ്റം മൂലം ചെറുതായി കൂടിയിട്ടുണ്ടെന്നാണ് കനേഡിയൻ സർക്കാർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. എന്നാൽ ഇതിൻ്റെ ആഘാതം വളരെ വലുതല്ലെന്നും ഭവന നിർമ്മാണം കൂടുതൽ ചെലവേറിയതാകാനുള്ള നിരവധി കാരണങ്ങളിൽ ഒന്ന് മാത്രമാണിതെന്നും പഠനത്തിലുണ്ട്. മറ്റ് ഘടകങ്ങളും ഭവന - വാടക വിലകളിലുണ്ടായ വർധനവിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
2006 നും 2021 നും ഇടയിൽ 1,000-ത്തിലധികം താമസക്കാരുള്ള എല്ലാ മുനിസിപ്പാലിറ്റികളിലുമായി ശരാശരി ഭവന വിലകളിലും വാടകയിലും ഉണ്ടായ വർദ്ധനവിന്റെ ഏകദേശം 11 ശതമാനം പുതിയ കുടിയേറ്റക്കാർ മൂലമാണെന്ന് IRCC യുടെ റിപ്പോർട്ട് പറയുന്നു. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 53 മുനിസിപ്പാലിറ്റികളിലാണ് ഈ പ്രഭാവം കൂടുതൽ പ്രകടമായത്. കുടിയേറ്റക്കാർ മൂലം ഇവിടെ ശരാശരി ഭവന വില 21 ശതമാനവും വാടകയിലെ 13 ശതമാനവും കൂടിയെന്ന് റിപ്പോർട്ടിലുണ്ട്. കുടിയേറ്റവും ഭവന വിലയിലെ വർദ്ധനവും തമ്മിലുള്ള ബന്ധം ബ്രിട്ടീഷ് കൊളംബിയ, ഒന്റാറിയോ എന്നീ രണ്ട് സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ വ്യക്തമായത്. മൊത്തത്തിൽ, കുടിയേറ്റം ഭവന നിർമ്മാണത്തെ അൽപ്പം ബാധിച്ചിട്ടുണ്ടെങ്കിലും അതൊരു പ്രധാന കാരണമായിരുന്നില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്. എത്ര വീടുകൾ ലഭ്യമാണ് എന്നതിനെയും ഓരോ പ്രദേശത്തെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ആശ്രയിച്ചാണ് ഇതിൻ്റെ ആഘാതം മാറുന്നുവെന്നും റിപ്പോർട്ടിലുണ്ട്.