വാടക വർധിപ്പിക്കുന്നതിനായി നവീകരണത്തിൻ്റെ പേരിലുള്ള അനാവശ്യ കുടിയൊഴിപ്പിക്കൽ തടയാനായുള്ള ബൈലോ ടൊറന്റോയിൽ അടുത്ത ആഴ്ച പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് വാടകക്കാർ തല്ക്കാലത്തേക്ക് താമസം മാറ്റേണ്ട വിധത്തിലുള്ള വിപുലമായ അറ്റകുറ്റപ്പണികളോ പുനരുദ്ധാരണങ്ങളോ നടത്തുന്നതിന് മുമ്പ് വീട്ടുടമസ്ഥർ പ്രത്യേക ലൈസൻസ് നേടേണ്ടതുണ്ട്. ജൂലൈ 31 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.
വീടുകൾ പുതുക്കിപ്പണിയാനും വാടക വർധിപ്പിക്കാനും വേണ്ടി ഭൂവുടമകൾ വാടകക്കാരെ നിർബന്ധിച്ച് പുറത്താക്കുന്ന അന്യായമായ കുടിയൊഴിപ്പിക്കൽ തടയുകയാണ് പുതിയ ബൈലോയിലൂടെ ലക്ഷ്യമിടുന്നത്. ആളുകൾക്ക് താങ്ങാനാവുന്ന വാടകയിൽ വീടുകൾ ലഭ്യമാക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. വലിയ അറ്റകുറ്റപ്പണികളോ നവീകരണങ്ങളോ നടത്തേണ്ടതുണ്ടെങ്കിൽ, അതിന് വീട്ടുടമസ്ഥർ പിന്തുടരേണ്ട വ്യക്തമായ നടപടിക്രമങ്ങളും പുതിയ ബൈലോ നിർദ്ദേശിക്കുന്നുണ്ട്. 2024 നവംബറിലാണ് ഈ നിയമം അംഗീകരിച്ചത്. നഗരത്തിലെ നവീകരണ പ്രവർത്തനങ്ങൾ വർദ്ധിച്ചുവരുന്നതിനെ തുടർന്നായിരുന്നു ഇത്. പുതുക്കിപ്പണിയലിൻ്റെ പേരിലുള്ള പുറത്താക്കൽ താഴ്ന്ന വരുമാനക്കാരും അരികുവൽക്കരിക്കപ്പെട്ടവരുമായ സമൂഹങ്ങളെ ദോഷകരമായി ബാധിക്കുകയും, താങ്ങാനാവുന്ന വാടകയ്ക്ക് വീടുകൾ കിട്ടാത്ത അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു.