ഈ കുരുന്നുകൾക്ക് എന്ത് രക്ഷ? ഇസ്രയേൽ ഉപരോധം കടുപ്പിച്ചതോടെ കൊടുംപട്ടിണിയിൽ ഗാസ, കുഞ്ഞുങ്ങളടക്കം നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടം

By: 600007 On: Jul 26, 2025, 11:40 AM

 

ഗാസ: ഇസ്രയേൽ ഉപരോധം കടുപ്പിച്ചതോടെ കൊടുംപട്ടിണിയുടെ പിടിയിലാണ് ഗാസ. മരുന്നും പോഷകാഹാരവുമില്ലാതെ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് നഗരത്തിൽ മരിച്ചുവീഴുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി മണിക്കൂറുകളോളം ക്യൂവിൽ നിന്ന് കരഞ്ഞ് കേഴുന്ന കുഞ്ഞുങ്ങളുടെ കാഴ്ച മനുഷ്യമനസാക്ഷിയെ മരവിപ്പിക്കും. ഒരു നേരത്തെ അന്നത്തിനായുള്ള പോരാട്ടമാണ് ഗാസയിലെ ക്യാമ്പുകളിലെങ്ങും കാണുന്നത്.

തുടർച്ചയായ ആക്രമണങ്ങൾക്കു പിന്നാലെ ഇസ്രയേൽ ഉപരോധവും കടുപ്പിച്ചതോടെ കൊടും പട്ടിണിയുടെ പിടിയിൽ അമർന്നിരിക്കുകയാണ് ഗാസ. 110 ലധികം പേർ ഇതിനോടകം പട്ടിണിയിൽ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 80 കുട്ടികളാണ് പോഷകാഹാരക്കുറവിൽ മരിച്ചുവീണത്. 6 കുട്ടികളുടെ അമ്മയായ സനയുടെ വാർത്ത ഇതിനകം ലോകത്തെ നൊമ്പരത്തിലാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളെ മുലയൂട്ടാൻ പോലും ഗതിയില്ലാത്ത ആയിരക്കണക്കിന് അമ്മമാരുടെ പ്രതിനിധിയാണ് സന. നൂറിലധികം മനുഷ്യാവകാശ സംഘടനകളാണ് ഗാസയിലേക്ക് അടിയന്തരമായി ഭക്ഷണമെത്തിക്കണമെന്ന് പ്രസ്താനവയിലൂടെ ആവശ്യപ്പെട്ടത്. ദുർവിധിയുടെ ആകാശത്ത് തീമഴ പെയ്യുമ്പോഴും മരണത്തെ മുഖാമുഖം കാണുമ്പോഴും നല്ല നാളെയുണ്ടാകുമെന്ന പ്രതീക്ഷയാണ് ഈ ജനത. ആ പ്രതീക്ഷയാണ്, വരും തലമുറയാണ്, കൊടുംപട്ടിണിക്കിട്ട് ഇസ്രയേൽ ഉന്മൂലനം ചെയ്യുന്നതെന്നതാണ് മറ്റൊരു യാഥാർത്ഥ്യം