കാനഡ സ്‌ട്രോംഗ് പാസ് ഉപയോഗിച്ച് കൂടുതല്‍ പ്രവിശ്യാ, ടെറിട്ടോറിയല്‍ മ്യൂസിയങ്ങളിലേക്കും ഗാലറികളിലേക്കും പ്രവേശിക്കാം 

By: 600002 On: Jul 26, 2025, 11:32 AM

 

 

കാനഡയിലെ കൂടുതല്‍ പ്രവിശ്യാ, ടെറിട്ടോറിയല്‍ മ്യൂസിയങ്ങളിലേക്കും ഗാലറികളിലേക്കും പ്രവേശിക്കാന്‍ ഇനി പുതിയ കാനഡ സ്‌ട്രോംഗ് പാസ് ഉപയോഗിക്കാം. രാജ്യത്തെ 86 പ്രവിശ്യാ, പ്രാദേശിക മ്യൂസിയങ്ങള്‍, ഗാലറികള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയിലേക്ക് പാസ് വഴി പ്രവേശനം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 

ജൂണ്‍ 20 മുതല്‍ സെപ്റ്റംബര്‍ 2 വരെ നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമില്‍ ദേശീയ പാര്‍ക്കുകള്‍, ദേശീയ ചരിത്ര സ്ഥലങ്ങള്‍, സമുദ്ര സംരക്ഷണ മേഖലകള്‍ എന്നിവയിലേക്ക് പതിനെട്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം ലഭിക്കും. കൂടാതെ 18 നും 24 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മ്യൂസിയങ്ങളിലും ഗാലറികളിലും വളരെ കുറഞ്ഞ നിരക്കില്‍ പ്രവേശിക്കാന്‍ കാനഡ സ്‌ട്രോംഗ് പാസ് സഹായിക്കും. 

പാര്‍ക്ക്‌സ് കാനഡ സൈറ്റുകളില്‍ ക്യാമ്പിംഗ് ഫീസില്‍ 25 ശതമാനം ഡിസ്‌കൗണ്ടും പാസില്‍ ഉള്‍പ്പെടുന്നു. 17 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്കൊപ്പം വരുമ്പോള്‍ വിയ റെയില്‍ വഴി ടിക്കറ്റുകള്‍ സൗജന്യമായിരിക്കും. കൂടാതെ, 18 നും 24 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ടും ടിക്കറ്റിന് ലഭിക്കും.  

ആഭ്യന്തര വിനോദസഞ്ചാരത്തിന് ഉണര്‍വേകുക എന്ന ലക്ഷ്യത്തോടെയാണ് ഫെഡറല്‍ സര്‍ക്കാര്‍ കാനഡ സ്‌ട്രോംഗ് പാസ് അവതരിപ്പിച്ചിരിക്കുന്നത്. കാനഡ സ്‌ട്രോംഗ് പാസിനെക്കുറിച്ച് കൂടുതല്‍ അറിയാനായി കനേഡിയന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.