ദന്ത ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കാനായി ജാപ്പനീസ് ഗവേഷകര്‍. പൊഴിഞ്ഞുപോയ പല്ലുകൾ വീണ്ടും മുളപ്പിക്കാൻ കഴിയുന്ന മരുന്നിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടത്താനൊരുങ്ങി ജപ്പാനിലെ ഗവേഷകര്‍. ജപ്പാനിലെ ക്യോട്ടോ, ഫുകുയി സർവകലാശാലകളിലെയും കിറ്റാനോ ആശുപത്രിയിലെയും സംഘമാണ് ഇത്തരമൊരു പരീക്ഷണത്തിന് ഇറങ്ങിയത്.
കിറ്റാനോ ആശുപത്രിയിലെ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ദന്തചികിത്സാവിഭാഗം മേധാവി കട്‌സു തകഹാഷിയുടെ നേതൃത്വത്തിൽ 2021-ലാണ് ഈ മരുന്ന് വികസിപ്പിച്ചത്. 2030-ഓടെ ഈ മരുന്ന് വിപണിയിലെത്തിക്കാനാണ് ഇവരുടെ ശ്രമം. ഇതുസംബന്ധിച്ച പഠനം ‘സയൻസ് അഡ്വാൻസസ്’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
കൊഴിഞ്ഞ പല്ലുകള്‍ മുളക്കാത്തതിന് കാരണമായ ജീൻ 1 അല്ലെങ്കിൽ യുഎസ്എജി 1 എന്ന ജീനിനെ നിർവീര്യമാക്കാനായി പ്രത്യേക മോണോക്ലോണൽ ആന്റിബോഡി വികസിപ്പിക്കുകയാണ് ഗവേഷകര്‍ ആദ്യം ചെയ്തത്. എലികളിലും വെള്ളക്കീരികളിലും ഈ പരീക്ഷണം ആദ്യം നടത്തിയത്. ഇവയില്‍ ആന്റിബോഡി കുത്തിവെച്ചപ്പോൾ പുതിയ പല്ലുകൾ മുളച്ചു. അങ്ങനെ അത് വിജയിച്ച ശേഷമാണ് അതേ പരീക്ഷണം ഇപ്പോൾ മനുഷ്യരിൽ നടത്താന്‍ പോകുന്നത്. 30-നും 64-നും ഇടയിൽ പ്രായമുള്ള 30 പുരുഷന്മാരെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. പരീക്ഷണം വിജയകരമായാൽ പ്രായമായി പല്ലുകൊഴിഞ്ഞവർക്കും അപകടങ്ങളിൽ പല്ലുനഷ്ടപ്പെട്ടവർക്കുമെല്ലാം പുതിയ പല്ലുകൾ മുളപ്പിക്കാനാവും എന്നാണ് ഗവേഷക സംഘം അവകാശപ്പെടുന്നത്.