കാല്‍ഗറി പാര്‍ക്കില്‍ കയോട്ടുകളുടെ ആക്രമണം: പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുവതി 

By: 600002 On: Jul 26, 2025, 11:05 AM

 

 

ഈ മാസം ആദ്യം വെസ്റ്റ് കോണ്‍ഫെഡറേഷന്‍ പാര്‍ക്കില്‍ കയോട്ടിന്റെ ആക്രമണം നേരിട്ട കാല്‍ഗറി സ്വദേശിനി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാഴ്ച മുമ്പ് തന്നെയും തന്റെ വളര്‍ത്തുനായ ടെഡിയെയും പാര്‍ക്കിലെ ബൈക്ക് പാത്തില്‍ വെച്ച് രണ്ട് കയോട്ടുകള്‍ ആക്രമിച്ചുവെന്ന് കിംബര്‍ലി ഹോംസ് പറഞ്ഞു. പാര്‍ക്കിലൂടെ നടക്കുമ്പോള്‍ പിന്നിലൂടെ എത്തിയ കയോട്ടുകള്‍ വളര്‍ത്തുനായയെ ആക്രമിക്കുകയായിരുന്നു. നായയെ രക്ഷിക്കാനുള്ള ശ്രമിത്തിനിടയില്‍ കയോട്ടുകള്‍ തന്നെയും ആക്രമിച്ചു. ഇതിനിടയില്‍ തന്റെ താടിയില്‍ കയോട്ട് കടിച്ചതായി ഹോംസ് പറഞ്ഞു. 

വളര്‍ത്തുനായയുടെ പരുക്കുകള്‍ ഗുരുതരമായിരുന്നു. വെറ്ററിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. 6,500 ഡോളര്‍ ചികിത്സയ്ക്ക് ചെലവായെന്നും അവര്‍ പറഞ്ഞു. കയോട്ടുകളുടെ ആക്രമണത്തില്‍ ഹോംസിനുണ്ടായത് ഒറ്റപ്പെട്ട സംഭവമല്ല. പ്രദേശവാസിയായ നീരജ് സിംഗ് എന്നയാളുടെ നായയ്ക്ക് നേരെയും പാര്‍ക്കില്‍ വെച്ച് കയോട്ടുകളുടെ ആക്രമണം ഉണ്ടായി. 

ഈ സീസണില്‍ കയോട്ടുകള്‍ നായകള്‍ക്കെതിരെ വലിയ രീതിയില്‍ ആക്രമണം നടത്തുമെന്നും അത് വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ക്കും പരുക്കേല്‍പ്പിക്കുമെന്നും സിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വൈല്‍ഡ്‌ലൈഫ് മാനേജ്‌മെന്റ് കോണ്‍ട്രാക്ടര്‍മാര്‍ പ്രദേശത്ത് ദിവസേന പട്രോളിംഗ് നടത്തുന്നുണ്ടെന്നും സിറ്റി അറിയിച്ചു. പാര്‍ക്കിലെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.