സൗത്ത് ഈസ്റ്റ് കാല്‍ഗറിയില്‍ കുട്ടികളെ സംശയാസ്പദമായി സമീപിക്കാന്‍ ശ്രമിച്ച് അപരിചിതന്‍; വിവരങ്ങള്‍ നല്‍കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് പോലീസ് 

By: 600002 On: Jul 26, 2025, 10:17 AM

 

സൗത്ത് ഈസ്റ്റ് കാല്‍ഗറിയില്‍ ഓബേണ്‍ ബേയില്‍ കുട്ടികളുമായി സംശയാസ്പദമായി ഇടപെടല്‍ നടത്താന്‍ അപരിചിതന്‍ ശ്രമിച്ച സംഭവത്തില്‍ വിവരങ്ങള്‍ നല്‍കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് കാല്‍ഗറി പോലീസ്. ജൂലൈ 8 ചൊവ്വാഴ്ച വൈകുന്നേരം ഓബേണ്‍ മെഡോസ് മാനര്‍ എസ്ഇയിലാണ് സംഭവം. ഒരു കോണ്ടോ കോംപ്ലക്‌സിന് പിന്നിലെ പുല്‍മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികളോട് പരിചയമില്ലാത്തൊരാള്‍ അടുത്തേക്ക് വന്ന് തന്റെ നായയെ അന്വേഷിച്ചിറങ്ങിയതാണെന്ന് പറയുകയും കുട്ടികളോട് നായയെ കണ്ടോയെന്നും ചോദിക്കുകയും ചെയ്തു. 

കറുപ്പും വെളുപ്പും നിറത്തിലുള്ള ഒരു നായ പോയതായി കണ്ടുവെന്ന് പറഞ്ഞ് കുട്ടികള്‍ ദിശ കാണിച്ചുകൊടുത്തു. കുട്ടികള്‍ കാണിച്ച ഭാഗത്തേക്ക് നടന്നുപോയ അപരിചിതനായ വ്യക്തി ഏകദേശം 30 മിനിറ്റിന് ശേഷം വാഹനത്തില്‍ തിരിച്ചെത്തി നായയെ ലഭിച്ചുവെന്നും പാരിതോഷികമായി മിഠായി നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ കുട്ടികള്‍ ഇത് നിരസിച്ചു. മിഠായി വാങ്ങിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞു. ഇത് കേട്ട് അപരിചിതന്‍ തിരിച്ചുപോയി. കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളോട് തങ്ങള്‍ക്കുണ്ടായ അനുഭവം പങ്കുവെച്ചു. 

രക്ഷിതാക്കള്‍ പോലീസില്‍ വിവരം റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തില്‍ വാഹനത്തെയോ വ്യക്തിയെയോ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സഹായത്തിനായി പൊതുജനങ്ങളുടെ സഹായം തേടി. കുട്ടികള്‍ പറയുന്നതനുസരിച്ച്, 30 വയസ് പ്രായം തോന്നിക്കുന്നയാളാണിത്. ഇരുണ്ട നിറവും, നീളം കുറഞ്ഞ തവിട്ടുനിറമുള്ള മുടിയുമാണിയാള്‍ക്കുള്ളത്. നീല ഷര്‍ട്ടും തവിട്ട് നിറത്തിലുള്ള കാര്‍ഗോ ഷോര്‍ട്‌സുമാണ് സംഭവ ദിവസം ധരിച്ചിരുന്നത്. നീല-ചാര നിറത്തോടുകൂടിയുള്ള കാറാണ് ഇയാള്‍ ഓടിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. 

ഇത്തരത്തില്‍ അപരിചിതരായ വ്യക്തികള്‍ സമീപിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പോലീസ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കി.