2024 ല്‍ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം 

By: 600002 On: Jul 26, 2025, 9:34 AM

 

 

കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം വിവരങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി ഏകദേശം സമാനമാണെങ്കിലും നേരിയ കുറവ് വന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ പങ്കുവെച്ച ഡാറ്റയില്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം 2,06,378 ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് പറഞ്ഞു. 2023 ല്‍ 2,16,219 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. 

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാനുള്ള അഭ്യര്‍ത്ഥന അംഗീകരിക്കുന്നതിന് മുമ്പ് പരിശോധന നടത്താറുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി പൗരത്വം ഉപേക്ഷിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ വിശദീകരിച്ചു. 
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നതിന്, അപേക്ഷകന്‍ www.indiancitizenshiponline.nic.in എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ബന്ധപ്പെട്ട അധികാരി, ജില്ലാ കളക്ടര്‍ അല്ലെങ്കില്‍ ഇന്ത്യന്‍ മിഷന്‍/പോസ്റ്റിലെ (ഇന്ത്യയ്ക്ക് പുറത്ത്) കോണ്‍സുലാര്‍ ഓഫീസര്‍, സാഹചര്യമനുസരിച്ച്, യഥാര്‍ത്ഥ പാസ്പോര്‍ട്ടും മറ്റ് വിശദാംശങ്ങളും പരിശോധിക്കുന്നു.

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചുകഴിഞ്ഞാല്‍, ഇന്ത്യന്‍ പൗരത്വത്തിന്റെ അടിസ്ഥാനത്തില്‍ നേടിയ വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി എല്ലാ രേഖകളും അധികാരികള്‍ക്ക് തിരിച്ചുനല്‍കേണ്ടി വരും.