ആൽബെർട്ടയിലെ ഒരു സംഘടിത വാഹന മോഷണ സംഘത്തെ കണ്ടെത്തി ആർസിഎംപി. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ ഏഴ് പേർക്കെതിരെ 100 ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയത്. രജിസ്ട്രി സിസ്റ്റത്തിലെ ഒരു പഴുതിലൂടെയാണ് ആർസിഎംപി ഇവരെ കണ്ടെത്തിയത്. ഏകദേശം 1.9 മില്യൺ ഡോളർ വിലവരുന്ന മോഷ്ടിച്ച വാഹനങ്ങൾ RCMP കണ്ടെടുത്തു. ഇതുമായി ബന്ധമുള്ള 150 ലധികം പേരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.
ആൽബെർട്ട ആർസിഎംപി ഓട്ടോ തെഫ്റ്റ് യൂണിറ്റ് 2024 ഡിസംബറിലാണ് അന്വേഷണം ആരംഭിച്ചത്. ആൽബെർട്ട രജിസ്ട്രികളുടെ തേർഡ്-പാർട്ടി ഓതറൈസേഷൻ സംവിധാനത്തെ ചൂഷണം ചെയ്യുന്ന സങ്കീർണ്ണമായൊരു തട്ടിപ്പ് കണ്ടെത്തുകയും ചെയ്തു. ഇതിലൂടെ ഒരാൾക്ക് മറ്റൊരാളുടെ പേരിൽ വാഹനം രജിസ്റ്റർ ചെയ്യാൻ കഴിയുന്നതായി കണ്ടെത്തി. മോഷ്ടിച്ച വാഹനങ്ങൾ വ്യാജ വാഹന തിരിച്ചറിയൽ നമ്പറുകളും (വിഐഎൻ) വ്യാജ ഫോമുകളും ഉപയോഗിച്ച് സംശയം തോന്നാത്ത രീതിയിൽ ആളുകളുടെ പേരിൽ രജിസ്റ്റർ ചെയ്യുകയുമായിരുന്നു ഇവരുടെ രീതി. ഇതുവരെയുള്ള അന്വേഷണത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി ഒട്ടേറെ വാഹനങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞു. ആൽബർട്ടയിൽ മാത്രം വ്യാജ VIN-കളുള്ള 130-ലധികം വാഹനങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഇതുവരെ ആറ് എണ്ണം കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ കണ്ടെത്താനും തിരിച്ചറിയാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
.