ഇല്ലാത്ത രാജ്യത്തിന്റെ പേരില്‍ ഇന്ത്യയില്‍ എംബസി; അംബാസഡര്‍ ചമഞ്ഞയാളെ അറസ്റ്റ് ചെയ്തു 

By: 600002 On: Jul 25, 2025, 10:13 AM

 

ലോക രാഷ്ട്രങ്ങള്‍ അംഗീകരിച്ചിട്ടില്ലാത്ത 'വെസ്റ്റ് ആര്‍ക്ടിക്ക' എന്ന രാജ്യത്തിന്റെ പേരില്‍ ഇന്ത്യയില്‍ വ്യാജ എംബസി പ്രവര്‍ത്തിപ്പിച്ചിരുന്ന അംബാസഡര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വെസ്റ്റ് ആര്‍ക്ടിക്കയുടെ 'ബാരണ്‍'  എന്ന് വിശേഷിപ്പിച്ചിരുന്ന ഹര്‍ഷവര്‍ധന്‍ ജെയിന്‍ എന്നയാളെയാണ് നോയിഡ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു എന്ന പേരിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.   

എട്ട് വര്‍ഷമായി ഈ എംബസി പ്രവര്‍ത്തിക്കുന്നുവെന്നതാണ് ദുരൂഹം. പ്രത്യേക പതാകയും കെട്ടിടത്തിനു മുന്നില്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. എംബസിയുടെ അംബാസഡര്‍ എന്ന വ്യാജേന ദേശീയ നേതാക്കളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും നയതന്ത്ര നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങളും ഉപയോഗിച്ച് ആളുകളെ ജെയിന്‍ കബളിപ്പിക്കുകയായിരുന്നു. കവി നഗറില്‍ വാടകയ്ക്ക് എടുത്ത ആഡംബര കെട്ടിടത്തിലാണ് വ്യാജ എംബസി പ്രവര്‍ത്തിപ്പിച്ചിരുന്നത്. 

കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ 44.7 ലക്ഷം രൂപ, വിദേശ കറന്‍സി, 12 വ്യാജ നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍, 18 നയതന്ത്ര പ്ലേറ്റുകള്‍, വ്യാജ സര്‍ക്കാര്‍ രേഖകള്‍ എന്നിവ അധികൃതര്‍ പിടിച്ചെടുത്തു. നയതന്ത്രജ്ഞനെന്ന വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച്, ഹര്‍ഷ വര്‍ധന്‍ വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയും ചെയ്തിരുന്നു. ഷെല്‍ കമ്പനികള്‍ വഴി ഹവാല ഇടപാടുകള്‍ നടത്തിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. 

യുഎസ് നാവിക ഓഫീസറായിരുന്ന ട്രാവിസ് മക് ഹെന്റിയാണ് 2001 ല്‍ വെസ്റ്റ് ആര്‍ക്ടിക എന്ന പേരില്‍ രാജ്യം സ്ഥാപിച്ച് ഗ്രാന്‍ഡ് ഡ്യൂക് ആയി സ്വയം പ്രഖ്യാപിച്ചത്. അന്റാരര്‍ട്ടിക്കയില്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റ് ആര്‍ക്ടിക്കയില്‍ 2356 പൗരന്മാരുള്ള രാജ്യമാണെന്നാണ് അവകാശവാദം.