ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ട്: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നില മെച്ചപ്പെടുത്തി; എട്ട് സ്ഥാനം മുന്നിലെത്തി, സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്ത് 

By: 600002 On: Jul 25, 2025, 9:25 AM

 

 

ഹെന്‍ലി പാസ്‌പോര്‍ട്ട് പുറത്തുവിട്ട ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ നില മെച്ചപ്പെടുത്തി ഇന്ത്യ. എളുപ്പത്തില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പ്രവേശനം നല്‍കുന്ന പാസ്‌പോര്‍ട്ടാണ് ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടായി വിലയിരുത്തുന്നത്. ഈ വര്‍ഷത്തെ പട്ടികയില്‍ ഇന്ത്യ എട്ട് സ്ഥാനം മുന്നിലെത്തിയിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം 85 ആം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വര്‍ഷം 77 ആം സ്ഥാനത്തേക്ക് കുതിച്ചിട്ടുണ്ട്. 59 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെയോ വീസ ഓണ്‍ അറൈവല്‍ സൗകര്യത്തിലോ സഞ്ചരിക്കാനാകും. രാജ്യാന്തര ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതോടെയാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ കരുത്ത് വര്‍ധിച്ചത്. 

ഈ വര്‍ഷവും സിംഗപ്പൂരാണ് ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വീസ ഇല്ലാതെയോ വീസ ഓണ്‍ അറൈവല്‍ സൗകര്യത്തോടെയോ ലോകത്തെ 193 രാജ്യങ്ങളിലേക്ക് സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് സഞ്ചരിക്കാനാകും. ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാനും ദക്ഷിണകൊറിയയുമാണ് പട്ടികയില്‍ രണ്ടാമത്. 190 രാജ്യങ്ങളിലേക്ക് ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് എളുപ്പം സഞ്ചരിക്കാനാകും. ആദ്യ അഞ്ച് റാങ്കിംഗില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നിവ അടക്കം നിരവധി യൂറോപ്യന്‍ രാജ്യങ്ങളുണ്ട്.