വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കുന്ന വിഷയത്തിൽ കാനഡ യുകെയെ പിന്തുടരണമെന്ന് കനേഡിയൻ സെനറ്റർ

By: 600110 On: Jul 24, 2025, 2:11 PM

 

വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കുന്ന വിഷയത്തിൽ കാനഡ യുകെയെ പിന്തുടരണമെന്ന് കനേഡിയൻ സെനറ്റർ. അടുത്ത പൊതുതെരഞ്ഞെടുപ്പോടെ വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രതിജ്ഞയെടുത്തിരിക്കെ, കാനഡയും അത് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഒരു കനേഡിയൻ സെനറ്റർ മാരിലോ മക്ഫെഡ്രാൻ പറഞ്ഞത്.

ബ്രിട്ടീഷ് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയത്തിൽ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനുമായി വോട്ടവകാശ പ്രായം 18 ൽ നിന്ന് 16 ആയി കുറയ്ക്കുമെന്ന് യുകെ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. സെനറ്റ് അംഗമായത് മുതൽ  ഈ വിഷയം തൻ്റെയും "പ്രധാന പാർലമെൻ്ററി മുൻഗണന" ആണെന്ന് സെനറ്റർ മാരിലോ മക്ഫെഡ്രാൻ പറഞ്ഞു. വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കുന്നത് ജനാധിപത്യത്തിന് നല്ലതാണെന്നും അതിനെതിരായ വാദങ്ങൾ "സ്റ്റീരിയോടൈപ്പുകളെ അടിസ്ഥാനമാക്കിയുള്ളതാണ്" എന്നും അവർ പറഞ്ഞു. കാനഡയിൽ ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ യുവതലമുറയെ ബാധിക്കുമെന്നും ചെറുപ്പക്കാർക്ക് വോട്ടവകാശം നൽകുന്നത് യുക്തിസഹവും ന്യായവുമാണെന്നും മക്ഫെഡ്രാൻ പറഞ്ഞു. കാനഡയിലെ 16 വയസ്സുള്ളവരിൽ മൂന്നിലൊന്ന് പേർക്കും ഏതെങ്കിലും തരത്തിലുള്ള ജോലിയുണ്ടെന്നും അവർ ഇതിനകം നികുതിദായകരാണെന്നും അവർ കൂട്ടിച്ചേർത്തു.