എഡ്മണ്ടണിൽ വയോധിക തട്ടിപ്പിന് ഇരയായതായി റിപ്പോർട്ട്

By: 600110 On: Jul 24, 2025, 1:21 PM

എഡ്മണ്ടണിൽ വയോധിക തട്ടിപ്പിന് ഇരയായതായി റിപ്പോർട്ട്. നടക്കാൻ ഇറങ്ങിയപ്പോഴാണ് 70 വയസ്സുകാരിയായ പാർവതി തട്ടിപ്പിന് ഇരയായത്. നടക്കാൻ ഇറങ്ങിയപ്പോൾ ഒരു കാർ പാർവതിയുടെ മുന്നിൽ വന്ന് നിർത്തുകയായിരുന്നു.  കാറിലുണ്ടായിരുന്നയാൾ പാർവതിയോട് അടുത്തേക്ക് വരാൻ പറഞ്ഞു. ഒരു സ്ത്രീയും രണ്ട് ചെറിയ കുട്ടികളും കാറിൽ ഉണ്ടായിരുന്നതിനാൽ  പരിഭ്രാന്തി ഒന്നും തോന്നിയില്ലെന്ന് പാർവതി പറയുന്നു.

പാർവതിയെ കാണാൻ മരിച്ചുപോയ തൻ്റെ മുത്തശ്ശിയെപ്പോലെയാണെന്ന് അയാൾ പറഞ്ഞു പിന്നാലെ  ഒരു മോതിരം നൽകി. നിരസിക്കാൻ ശ്രമിച്ചപ്പോൾ, അനുഗ്രഹിക്കാനായി കുറച്ച് മിനിറ്റ് അത് ധരിക്കാൻ അയാൾ ആവശ്യപ്പെട്ടു.
പിന്നാലെ, അവരെ  കൂടുതൽ ആഭരണങ്ങൾ അണിയിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. തുടർന്ന് അവർ പോയതിന് ശേഷമാണ് തൻ്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി പാർവതി മനസ്സിലാക്കുന്നത്. ഫെയ്സ് ബുക്ക് കുറിപ്പിലൂടെ പാർവതിയുടെ കൊച്ചു മകൻ സാഹിൽ പ്രസാദ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ മറ്റുള്ളവർ ജാഗ്രത പുലർത്താനാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് പ്രസാദ് പറഞ്ഞു.  സ്വർണ്ണ, ആഭരണ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആൽബർട്ടയിൽ നിന്ന് നിരവധി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് ആർ‌സി‌എം‌പി പറഞ്ഞു. പാർക്കിംഗ് സ്ഥലങ്ങളിലാണ് പലപ്പോഴും കവർച്ച നടക്കാറുള്ളത്.