പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റ്‌സ് പ്രോഗ്രാം: അപേക്ഷകരുടെ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി

By: 600002 On: Jul 24, 2025, 11:44 AM



കാനഡയിലേക്ക് മാതാപിതാക്കളെയോ മുത്തശ്ശി മുത്തച്ഛന്മാരെയോ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വാര്‍ഷിക വരുമാന ആവശ്യകത പരിഷ്‌കരിച്ചതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC) പ്രഖ്യാപിച്ചു. പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ്‌പേരന്റ്‌സ് പ്രോഗ്രാം വഴി കാനഡയിലേക്ക് കൊണ്ടുവരുന്നവരെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും സാമ്പത്തികമായി ഉത്തരവാദിത്തമുള്ളയാള്‍ക്ക്(co-signer  ഉണ്ടെങ്കില്‍ അവര്‍ക്കും) കൈവശം മതിയായ പണം ഉണ്ടായിരിക്കണമെന്ന് ഐആര്‍സിസി പ്രസ്താവനയില്‍ പറഞ്ഞു. 

സംരക്ഷണത്തിന് ആവശ്യത്തിന് പണമുണ്ടെന്ന് തെളിയിക്കാന്‍ അപേക്ഷിക്കുന്ന തീയതിക്ക് മുമ്പുള്ള മൂന്ന് നികുതി വര്‍ഷങ്ങളിലെ ഇന്‍കം റിക്വയര്‍മെന്റ്‌സ് പാലിക്കുന്നുണ്ടെന്ന് തെളിയിക്കേണ്ടതുണ്ടെന്ന് ഐആര്‍സിസി വെബ്‌സൈറ്റില്‍ പറയുന്നു. 

കനേഡിയന്‍ ഇമിഗ്രേഷന്‍ ലോ ഫേമിന്റെ കണക്കനുസരിച്ച്, 2023 ല്‍ മാതാപിതാക്കളെയോ മുത്തശ്ശി മുത്തച്ഛന്മാരെയോ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനം 44,530 ഡോളറായിരുന്നു. ഇപ്പോള്‍ ഈ ആവശ്യകത ഏകദേശം 3000 ഡോളര്‍ വര്‍ധിച്ചു. ഐആര്‍സിസി പ്രകാരം, 2024 ല്‍ രണ്ട് പേരെ സ്‌പോണ്‍സര്‍ ചെയ്യണമെങ്കില്‍ കുറഞ്ഞത് 47,549 ഡോളര്‍ വരുമാനം ഉണ്ടായിരിക്കണം. സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കുന്നതിന് മുമ്പ് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കാനഡ റെവന്യു ഏജന്‍സിയില്‍(CRA) നിന്നുള്ള അപേക്ഷകന്റെയും കോ-സ്‌പോണ്‍സറുടെയും അസസ്‌മെന്റ് നോട്ടീസ് ഉള്‍പ്പെടുത്തി വരുമാന ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്ന് തെളിയിക്കണം. 

2025 ലേക്കുള്ള അപേക്ഷകള്‍ ജൂലൈ 28 മുതല്‍ സമര്‍പ്പിക്കാം. അര്‍ഹതയുള്ള സ്‌പോണ്‍സര്‍മാര്‍ക്ക് അപേക്ഷിക്കാന്‍ ഐആര്‍സിസി 17,860 ഇന്‍വിറ്റേഷനുകള്‍ അയക്കുമെന്നും അറിയിച്ചു. ഈ വര്‍ഷം, പിജിപി പ്രകാരം സ്‌പോണ്‍സര്‍ഷിപ്പിനായി 10,000 അപേക്ഷകള്‍ സ്വീകരിക്കാന്‍ ലക്ഷ്യമിടുന്നതായി ഐആര്‍സിസി പ്രസ്താവനയില്‍ വ്യക്തമാക്കി.